വഴുതനങ്ങ ചട്‌നി കഴിച്ചിട്ടുണ്ടോ?വളരെ രുചികരമായ ഒരു വിഭവമാണ്. തയ്യാറാക്കാനും വളരെ എളുപ്പം തന്നെയാണ്. വീട്ടിലുള്ള ചേരുവകള്‍ ഉപയോഗിച്ചുകൊണ്ട് നല്ല രുചികരമായ വഴുതനങ്ങ ചട്‌നി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- എണ്ണ
- ജീരകം
- വറ്റല്‍ മുളക്
- വഴുതനങ്ങ
- ഉപ്പ്
- കറിവേപ്പില
- തക്കാളി
- പൊട്ടുകടല
- മുളകുപൊടി
- മഞ്ഞള്‍പ്പൊടി
- കൊച്ചുള്ളി
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ, സാധാ ജീരകം, വറ്റല്‍ മുളക്, അരിഞ്ഞു വെച്ചിരിക്കുന്ന വഴുതനങ്ങ, ഉപ്പ് എന്നിവ ഇട്ട് നല്ലപോലെ മിക്‌സ് ചെയ്യുക. ശേഷം ഇതിലേക്ക് കുറച്ച് കറിവേപ്പിലയും തക്കാളിയും പൊട്ടുകടലയും ഇട്ട് നല്ലപോലെ ഒന്ന് വഴറ്റി എടുക്കുക. ഇനി അതിലേക്ക് കുറച്ചു വാളന്‍പുളിയും കൂടി ചേര്‍ത്തു കൊടുക്കുക. ഇനി പൊടികള്‍ ചേര്‍ക്കേണ്ട സമയമാണ്. ഇതിലേക്ക് കാശ്മീരി മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ഇട്ട് നല്ലപോലെ മിക്‌സ് ചെയ്ത ശേഷം മിക്‌സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് ചതച്ചെടുക്കുക.
ശേഷം ഇതിലേക്ക് ഉപ്പ് ഇട്ടുകൊടുത്ത് ഇളക്കിയെടുക്കുക. ഇനി മറ്റൊരു പാന്‍ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടായി വരുമ്പോഴേക്കും കൊച്ചുള്ളി ചെറുതായി അരിഞ്ഞത്, ഉണക്കമുളക്, കറിവേപ്പില എന്നിവ ഇട്ട് താളിച്ച ശേഷം ഇവ നമ്മള്‍ തയ്യാറാക്കി വച്ചിരിക്കുന്ന ചട്‌നിയിലേക്ക് ഒഴിച്ച് നല്ലപോലെ ഇളക്കിയെടുക്കുക. ഇഡ്ഡലിയുടെയും ദോശയുടെയും ഒക്കെ കൂടെ കഴിക്കാന്‍ പറ്റുന്ന രുചികരമായ ഒരു വിഭവമാണിത്.