പാലക്കാട്: സ്ഥാനാർഥിയാകാൻ അവസരം കിട്ടിയതിൽ അഭിമാനവും സന്തോഷവുമെന്ന് പാലക്കാട്ടെ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സരിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
ഇനിയുള്ള ദിവസങ്ങളിൽ ജനപ്രതിനിധിയാകാനുള്ള യോഗ്യത രാഷ്ട്രീയം പറഞ്ഞുകൊണ്ടുതന്നെ പാലക്കാട്ടെ ജനങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കും. മുന്നണിയിലെ പ്രവർത്തകരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും ആ വാക്കിന് അർഥമുണ്ടാകാൻ ആഗ്രഹിക്കുന്നുവെന്നും സരിൻ പറഞ്ഞു.
‘പാലക്കാടുള്ള ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രതിനിധിയാകാൻ ചുമതലപ്പെടുത്തി. ഇതൊരു ഉത്തരവാദിത്തമാണ്. ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥിയായി എത്തിയതിൽ അഭിമാനമുണ്ടെന്നും’ സരിൻ പറഞ്ഞു.
മറ്റൊരാളുടെ തോളിൽ കയറി നിന്നു പ്രവർത്തിക്കുന്ന ആളാണ് യു ഡി എഫ് സ്ഥാനാർഥിയെന്നും സരിൻ വിമർശിച്ചു. ഭാര്യ വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിടുന്നു. ഇത് മലീമസമായ രാഷ്ട്രീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്ക് എതിരായ രാഷ്ട്രീയ പോരാട്ടമാണ് പാലക്കാട് നടക്കുന്നതെന്നും ബിജെപിയാണ് മുഖ്യശത്രുവെന്നും സരിന് പറഞ്ഞു.