Travel

ആരെയും മോഹിപ്പിച്ച് ഒഴുകുന്ന വെള്ളച്ചാട്ടം; രോഗശാന്തി നൽകുന്നെന്ന് വിശ്വാസം; സഞ്ചാരികളെ ആകർഷിച്ച് തെന്മല | Thenmala attracts tourists

കൊല്ലം-തിരുമംഗലം ദേശീയപാതയിൽ നിന്ന് നാല് കിലോ മീറ്റർ ഉൾവനത്തിലാണ് വെള്ളച്ചാട്ടം

കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണ് തെന്മല. ഇത് സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്നു.ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ നിന്ന് നാല് കിലോ മീറ്റർ ഉൾവനത്തിലാണ് വെള്ളച്ചാട്ടം. സഞ്ചാരികളുടെ വാഹനങ്ങൾ ജലപാതത്തിന്റെ പ്രധാന കവാടത്തിൽ പാർക്ക് ചെയ്ത ശേഷം വനംവകുപ്പിന്റെ ബസിലാണ് വെള്ളച്ചാട്ടത്തിന് അടുത്ത് എത്തിക്കുന്നത്. കേരളത്തിന് പുറമെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഓരോ ദിവസവും പാലരുവിയിലെത്തുന്നത്. വനം വകുപ്പിന്റെ നിയന്ത്രണത്തിൽ പാസ് നൽകിയാണ് പ്രവേശനം. കൂടുതലും തമിഴ്നാട്ടിൽ നിന്നുള്ളവർഉൾ വനത്തിലെ പാറക്കെട്ടുകളിലൂടെ 150 അടിയോളം ഉയരത്തിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടാത്തിൽ കുളിച്ചാൽ രോഗശമനം ഉണ്ടാകുമെന്നാണ് തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികൾ പറയുന്നത്.

മലമടക്കുകളിലെ ഔഷധ സസ്യങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന് രോഗശാന്തി നൽകാൻ കഴിയുമെന്നാണ് വിശ്വാസം. സഞ്ചാരികളുടെ സുരക്ഷയ്ക്കായി അൻപതോളം പുരുഷ – വനിത ഗൈഡുകളെയാണ് താത്കാലികമായി നിയമിച്ചിട്ടുള്ളത്. സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.
തെന്മല വന്യജീവി ഡിവിഷനിൽപ്പെട്ട തെന്മല റെയിഞ്ചിലെ കുളത്തൂപ്പുഴ റിസർവ് വനമേഖല 1984 ആഗസ്റ്റ് 25-ന് ചെന്തുരുണി വന്യജീവിസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചു. 100 ച.കി.മീ. വിസ്തൃതിയുള്ള ഈ വന്യമൃഗസംരക്ഷണകേന്ദ്രത്തിന്റെ ആസ്ഥാനം തെന്മലയാണ്.

ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ, അർധ നിത്യഹരിതവനങ്ങൾ, ഇലകൊഴിയും കാടുകൾ, ഗിരിശീർഷ ഹരിതവനങ്ങൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന വനങ്ങൾ ഈ വന്യമൃഗസംരക്ഷണകേന്ദ്രത്തിലുണ്ട്. തമ്പകം, പുന്ന, കല്പയിൻ, വെള്ളപ്പയിൻ തുടങ്ങിയ നിത്യഹരിത വൃക്ഷങ്ങളും കരിമരുത്, വെന്തേക്ക്, വേങ്ങ, ഈട്ടി (വീട്ടി) മുതലായ ഇലകൊഴിയും വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും മുളങ്കൂട്ടങ്ങളും ഇടകലർന്ന സമ്മിശ്ര വനഭാഗങ്ങളാണിവ. ഈ കാടുകളിൽ സ്വാഭാവികമായി തേക്ക് വളരാറില്ല എന്നൊരു സവിശേഷതയുണ്ട്. ഈ പ്രദേശത്തുമാത്രം കണ്ടുവരുന്ന ചെങ്കുരുണി അഥവാ ചെങ്കുറുഞ്ഞി മരത്തിനെ ആസ്പദമാക്കിയാണ് വന്യമൃഗസംരക്ഷണകേന്ദ്രത്തിന് ചെന്തുരുണി എന്ന പേര് കൈവന്നത്. അനാകാർഡിയേസീ കുടുംബത്തിൽപ്പെട്ട ഈ വൃക്ഷത്തിന്റെ ശാസ്ത്രനാമം ഗ്ലൂട്ടാ ട്രാവൻകോറിക്ക എന്നാണ്. കനത്ത തൊലിയും നീണ്ട് കട്ടിയുള്ള ഇലകളുമാണ് ഈ മരത്തിന്റെ പ്രത്യേകത.

തെന്മലയിൽനിന്ന് ജലസംഭരണിയിലൂടെ ബോട്ടിൽ യാത്ര ചെയ്താൽ ചെന്തുരുണി വന്യമൃഗസങ്കേതത്തിന്റെ ഹരിതകാന്തിയും ജൈവവൈവിധ്യവും ആസ്വദിക്കാനാകും. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ,നാടൻകുരങ്ങ്, സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, അണ്ണാൻ, മലയണ്ണാൻ, കാട്ടുപോത്ത്, മ്ലാവ്, കേഴമാൻ, കലമാൻ, കൂരൻ, കാട്ടുപന്നി, മുള്ളൻപന്നി, ആന, കൂരമാൻ, കടുവ, പുള്ളിപ്പുലി, കാട്ടുപൂച്ച, ചെന്നായ്, കുറുക്കൻ, കരടി, വെരുക്, മരപ്പട്ടി, കീരി, അളുങ്ക് തുടങ്ങിയ മൃഗങ്ങളും മഞ്ഞക്കിളി, മണ്ണാത്തിപ്പുള്ള്, ചെമ്പുകൊട്ടി, പച്ചമരപ്പൊട്ടൻ, തെക്കൻ കാട്ടുമൈന, കരിയിലക്കിളി, കാടുമുഴക്കി, തീക്കുരുവി, തീക്കാക്ക, നാകമോഹൻ, ആനറാഞ്ചി,ചൂളപ്രാവ് ,മൂങ്ങ തുടങ്ങിയ നിരവധി പക്ഷിജാലങ്ങളും ഇവിടെയുണ്ട്.

STORY HIGHLLIGHTS : Thenmala attracts tourists