India

ദ്രാ​വി​ഡ പാ​ർ​ട്ടി​ക​ൾ ത​മി​ഴ് ഭാ​ഷ വെ​ച്ച് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു: ഗ​വ​ർ​ണ​ർ

ചെ​ന്നൈ: ഹി​ന്ദി മാ​സാ​ച​ര​ണ വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ.​ര​വി. ദ്രാ​വി​ഡ പാ​ർ​ട്ടി​ക​ൾ ത​മി​ഴ് ഭാ​ഷ വെ​ച്ച് രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ്‌. ഹി​ന്ദി​യ്ക്കെ​തി​രെ ന​ട​ത്തു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ കേ​വ​ലം കാ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് ഹി​ന്ദി പ​ഠി​ക്കാ​ൻ ജ​ന​ങ്ങ​ളി​ൽ ആ​ഗ്ര​ഹം വ​ർ​ധി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ചെ​ന്നൈ ദൂ​ര​ദ​ർ​ശ​ന്‍റെ വ​ജ്ര ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച്‌ ഹി​ന്ദി മാ​സാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യ്ക്കി​ടെ​യാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ വി​മ​ർ​ശ​നം.

ഗ​വ​ർ​ണ​ർ ആ​ര്യ​നാ​ണോ എ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍റെ പ്ര​തി​ക​ര​ണം. ഹി​ന്ദി മാ​സാ​ച​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ മ​നു​ഷ്യ​ർ​ക്കി​ട​യി​ലെ ഐ​ക്യം ത​ക​ർ​ക്കാ​ൻ നോ​ക്ക​രു​ത്. ഗ​വ​ർ​ണ​ർ​ക്ക് ദ്രാ​വി​ഡ അ​ല​ർ​ജി​യാ​ണ്. ദേ​ശീ​യ ഗാ​ന​ത്തി​ൽ നി​ന്നു ദ്രാ​വി​ഡ എ​ന്ന വാ​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ​റ​യു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഹിന്ദി സംസാര ഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷമായ അണ്ണാ ഡി എം കെയും രംഗത്തെത്തിയിരുന്നു.