കൊച്ചി അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട. 200 ഗ്രാം എംഡിഎംഎയും പത്ത് ഗ്രാം എക്സ്റ്റെസിയുമായി യുവതി ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിലായി. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻകുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23) തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ വിലവരുന്ന രാസലഹരി കണ്ടെത്തിയത്. അമിത വേഗത്തിലെത്തിയ ബൊലോറൊ വാഹനം ടിബി ജങ്ഷനിൽ പൊലീസ് സാഹസികമായി തടഞ്ഞുനിർത്തുകയായിരുന്നു. വാഹനത്തിൻ്റെ ഡ്രൈവർസീറ്റിന് പുറകുവശത്ത് ഉള്ളിലായി 11 പ്രത്യേക പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. എംഡിഎംഎയേക്കാളും അപകടകാരിയാണ് എക്സെറ്റസി. ഡാൻസാഫ് ടീമിനെക്കൂടാതെ ഡിവൈഎസ്പിമാരായ പി.പി ഷംസ്, ടി.ആർ രാജേഷ്, ഇൻസ്പെക്ടർ ആർ.വി അരുൺ കുമാർ എസ്.ഐമാരായ ജയപ്രസാദ്, കെ. പ്രദീപ് കുമാർ, എ.എസ്.ഐമാരായ ഇഗ്നേഷ്യസ് ജോസഫ്, പി.വി ജയശ്രീ, സീനിയർ സി.പിഒമാരായ ടി.ആർ രാജീവ്, അജിതാ തിലകൻ, എം.എ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.