പ്രശസ്ത സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു (68). അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. പ്രഭാഷകന്‍, എഴുത്തുകാരന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍, കലാമണ്ഡലം മുന്‍ സെക്രട്ടറി, കേന്ദ്രസാഹിത്യ അക്കാദമി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം ഇന്ന് പകൽ 11.30 ന് കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനായി എത്തിക്കും. കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുമ്പോൾ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയർന്ന വിവാദങ്ങളെത്തുടർന്ന് 2012 ഡിസംബറിൽ അക്കാഡമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് വടക്കേടത്തിനെ നീക്കിയത് വിവാദമായിരുന്നു. അക്കാഡമി മുറ്റത്ത് ഒറ്റക്കിരുന്ന് പ്രതിഷേധിച്ചതും വാർത്തയായിരുന്നു. ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു.
1955 ൽ തൃശൂർ നാട്ടികയിൽ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്തിന്റേയും സരസ്വതിയുടേയും മകനായി ജനനം. വാക്കിന്റെ സൗന്ദര്യ ശാസ്ത്രം, വായനയുടെ ഉപനിഷത്ത്, രമണൻ എങ്ങനെ വായിക്കരുത്, അർത്ഥങ്ങളുടെ കലഹം, ആനന്ദമീമാംസ എന്നിവയാണ് അദ്ദേഹത്തിന്‍റെ കൃതികള്‍. കുറ്റിപ്പുഴ അവാർഡ്, ഫാദർ വടക്കൻ അവാർഡ് (ഉത്തരസംവേദന), കാവ്യമണ്ഡലം അവാർഡ് (നിഷേധത്തിന്റെ കല) പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.