എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പി പി ദിവ്യയുടെ അറസ്റ്റ് വൈകും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷമേ മൊഴിയെടുക്കലും അറസ്റ്റും ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കൂവെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദ് മുമ്പാകെയാണ് ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ജില്ലാ കലക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. എഡിഎമ്മിനെതിരെ പ്രശാന്തന്‍ മാത്രമല്ല ഗംഗാധരന്‍ എന്ന മറ്റൊരു സംരംഭകന്‍ കൂടി പരാതി പറഞ്ഞിട്ടുണ്ട് എന്നാണ് അവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്.
ആരോപണ നിഴലില്‍ നില്‍ക്കുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ പ്രതിരോധത്തിലാക്കുന്നതാണ് ദിവ്യയുടെ ഈ വാദം. കേസില്‍ ദിവ്യയെ ഒഴിവാക്കി മറ്റുള്ളവരുടെ മൊഴിയെടുക്കലുമായി മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസില്‍ കലക്ടറുടെ മൊഴി ഇന്നെടുത്തേക്കുമെന്നാണ് വിവരം. സംഘാടകര്‍ പോലും ദിവ്യയെ ക്ഷണിച്ചില്ലെന്നിരിക്കെ കലക്ടര്‍ വിളിച്ചിട്ട് പോയെന്ന ദിവ്യയുടെ വാദം നിലനില്‍ക്കുമോ എന്നതും സംശയമാണ്. കലക്ടറെ ചുമതലയില്‍ നിന്ന് നീക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.