ചെങ്കടലിനു പുറമെ അറബിക്കടലിലും ആക്രമണം കടുപ്പിച്ച് ഹൂതികൾ. ഇസ്രായേലിലേക്ക് ചരക്കുമായി പുറപ്പെട്ട കപ്പൽ ഹൂതികൾ ആക്രമിച്ചു. ആക്രമണ ഭീതി നിലനിൽക്കെ ചെങ്കടൽ വഴിയുള്ള ചരക്കുഗതാഗതം സ്തംഭിച്ചിരിക്കെയാണ് അറബിക്കടലിലേക്കും ഹൂതികൾ ഓപറേഷൻ വ്യാപിപ്പിക്കുന്നത്.
ഹൂതി സൈനിക വക്താവ് യഹ്‌യ സാരീ ആണ് പുതിയ ആക്രമണ വിവരം പുറത്തുവിട്ടത്. മാൾട്ടയുടെ പതാക വഹിക്കുന്ന മെഗാലോപോളിസ് എന്ന പേരിലുള്ള കപ്പലിനുനേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ലക്ഷ്യം കൈവരിക്കാനായെന്നും സാരി അറിയിച്ചു. ഇസ്രായേൽ തുറമുഖങ്ങളിലേക്കു ചരക്കുമായി പോകുന്ന കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധം ലംഘിച്ചെന്നാണ് ആക്രമണത്തിനു കാരണമായി ഹൂതി വക്താവ് വിശദീകരിച്ചത്. ഗസ്സയിലും ലബനാനിലും ആക്രമണം തുടരുന്ന കാലത്തോളം ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുമെന്നും യഹ്‌യ സാരീ മുന്നറിയിപ്പ് നൽകി.
ഒമാനിലെ സലാലാ തുറമുഖം ലക്ഷ്യമിട്ട് സഞ്ചരിക്കുന്നതിനിടെയാണ് മെഗാലോപോളിസ് കപ്പലിനു നേരെ ആക്രമണം നടന്നതെന്നാണ് ഫിനാൻഷ്യൻ ഡാറ്റ വിവരദാതാക്കളായ ‘എൽഎസ്ഇജി’ പറയുന്നത്. അതിനിടെ, പടിഞ്ഞാറൻ യമനിൽ ബ്രിട്ടീഷ്-യുഎസ് ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. അൽഹുദൈദ പ്രവിശ്യയിലെ റഅസ് ഇ്‌സയിലാണ് ആക്രമണം നടന്നതെന്ന് ഹൂതി ചാനലായ ‘അൽമസീറ ടിവി’ റിപ്പോർട്ട് ചെയ്തു. എന്നാൽ, സംഭവത്തിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.