കുവൈത്തിൽ ഈ വർഷം ആദ്യ പകുതിയിൽ രേഖപ്പെടുത്തിയത് 31 ലക്ഷം ഗതാഗത നിയമ ലംഘനങ്ങൾ. വാഹനാപകടങ്ങളിൽ 93 ശതമാനത്തിലധികവും അശ്രദ്ധമൂലമുള്ള ഡ്രൈവിംഗ് വഴിയാണെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ഭൂരിപക്ഷം റോഡ് അപകടങ്ങളും അശ്രദ്ധമൂലമുള്ള ഡ്രൈവിംഗ് വഴിയാണെന്ന് ഗതാഗത വകുപ്പ് പറഞ്ഞു. എഴു ശതമാനം അപകടങ്ങൾ മാത്രമാണ് മറ്റ് കാരണങ്ങളാൽ സംഭവിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് പ്ലാനിംഗ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് പ്രകാരം ഈ വർഷം ജൂൺ 30വരെ രാജ്യത്ത് അമിതവേഗത ലംഘിച്ചവരുടെ എണ്ണം 15 ലക്ഷത്തിൽ കൂടുതലാണ്. 9,472 അശ്രദ്ധമൂലമുള്ള ഡ്രൈവിംഗ് നിയമലംഘനങ്ങളും രേഖപ്പെടുത്തി. ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചതിന് 30,000 ലംഘനങ്ങൾ രേഖപ്പെടുത്തി.
അപകടങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്ന് ഫോണിന്റെ ഉപയോഗമാണെന്ന് ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഇസ പറഞ്ഞു. ഡ്രൈവിംഗിനിടെ സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കൽ, ഫോൺ ഉപയോഗം എന്നിവ നിരീക്ഷിക്കാൻ എ.ഐ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഭാഗമായി നിലവിൽ ആറ് ഗവർണറേറ്റുകളിലായി 252 കാമറകൾ സ്ഥാപിച്ചതായി അധികൃതർ പറഞ്ഞു.