ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള വെള്ളരിക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാൽ തന്നെ ആരോഗ്യസംരക്ഷണത്തിന് ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് വെള്ളരിക്ക അഥവാ കുക്കുമ്പർ. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം. വെള്ളരിക്ക കഴിക്കുന്നതിലൂടെ ഏകദേശം 95 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്തുന്നു.വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാൻ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഫൈബർ, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി പലവിധ പോഷകങ്ങളാൽ സമ്പന്നമാണ് വെള്ളരിക്ക. കൂടാതെ വിറ്റാമിൻ കെ, ആന്റിഓക്‌സിഡന്റുകൾ, മസ്തിഷ്ക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഫിസെറ്റിൻ എന്ന ആന്റി ഇൻഫ്ലമേറ്ററി ഫ്ലേവനോൾ എന്നിവയുടെ ഉയർന്ന സ്രോതസ്സ് കൂടിയാണ് ഇത്. വെള്ളരിക്ക കഴിക്കുന്നതിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ ഇവയെല്ലാമാണ്.
ദഹന സംബന്ധമായ തകരാറുകൾ പരിഹരിക്കുന്നു
വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും വയറു വേദന വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ദിവസവും വെള്ളരിക്ക വെറുതെയോ അല്ലെങ്കിൽ ജ്യൂസ് അടിച്ചോ കഴിക്കുകയാണെങ്കിൽ, അൾസർ, നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രൈറ്റിസ്, അസിഡിറ്റി തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും പരിഹാരമാകും. വിട്ടുമാറാത്ത മലബന്ധം പ്രശ്‌നമുണ്ടെങ്കിൽ ദിവസവും കുക്കുമ്പർ കഴിക്കുന്നത് ഉത്തമമായിരിക്കും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
കുക്കുമ്പറിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കാരണം ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു. ഇത് നമ്മുടെ വയർ നിറയ്ക്കുകയും, അതിനാൽ ഭക്ഷണം കഴിക്കാനുള്ള ആസക്തി കുറയുകയും ചെയ്യുന്നു. വെള്ളരിക്കയിലെ നാരിന്റെ അംശമാണ് ഇതിന്റെ പ്രധാന കാരണം.
ക്യാൻസർ സാധ്യത കുറയ്ക്കുന്നു
കുക്കുർബിറ്റാസിൻ, ലിഗ്നാൻസ് എന്നിവയുടെ സാന്നിധ്യം കാരണം, കുക്കുമ്പർ പ്രകൃതിദത്ത കാൻസർ വിരുദ്ധ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ലാറിസിറെസിനോൾ, സെക്കോസോളാരിസിറെസിനോൾ എന്നിവ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ സ്തനങ്ങൾ, ഗർഭാശയം, അണ്ഡാശയം, പ്രോസ്‌ട്രേറ്റ് എന്നിവയുൾപ്പെടെ നിരവധി അർബുദങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
കൂടാതെ ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെള്ളരിക്ക നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. അതിനാൽ തന്നെ വെള്ളരിക്കയുടെ ഉപയോഗം ചർമ്മം തിളങ്ങുന്നതിന് ഇത് സഹായിക്കുന്നു. ചർമത്തിന് ഈർപ്പം നൽകുന്നതു കൊണ്ട് ചുളിവുകളടക്കമുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
STOORY HIGHLIGHT: Health Benefits Of Cucumber