മലപ്പുറം: വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി ഖുശ്ബു വന്നിട്ട് കാര്യമില്ലെന്നും വയനാട്ടിൽ സൗന്ദര്യ മത്സരമല്ല നടക്കുന്നതെന്നും ഏറനാട് എംഎൽഎ പികെ ബഷീർ. വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിപ്പിക്കാൻ ബി.ജെ.പി പരിഗണിക്കുന്നവരിൽ നടിയും മുൻ ദേശീയ വനിത കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബി.ജെ.പി അന്തിമപട്ടികയിൽ ഖുശ്ബു ഇടംപിടിച്ചതായാണ് വിവരം. അതിനിടെയാണ് പി കെ ബഷീറിന്റെ പ്രതികരണം.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് കൊട്ടക്കണക്കിന് വോട്ട് കിട്ടും. ഭൂരിപക്ഷം അഞ്ച് ലക്ഷം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് സരിന്റെ സ്ഥാനാർത്ഥിത്വം സിപിഐഎമ്മിന് നാണക്കേടാണ്. എകെജി മത്സരിച്ച മണ്ഡലത്തിൽ സ്വന്തം സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്ത ഗതികേടിൽ സിപിഐഎം എത്തിയെന്നും പികെ ബഷീർ പറഞ്ഞു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷം നേടുമെന്നും പികെ ബഷീർ കൂട്ടിച്ചേർത്തു.
അതേ സമയം പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. പി സരിൻ മത്സരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ അറിയിച്ചിരുന്നു. ചേലക്കരയിൽ മുൻ എംഎൽഎയായ യു ആർ പ്രദീപിനെ മത്സരിപ്പിക്കാനാണ് തീരുമാനം. പാലക്കാട് എൽഡിഎഫും ബിജെപിയും തമ്മിലാണ് പോരാട്ടമെന്നും എംവി ഗോവിന്ദൻ അറിയിച്ചിരുന്നു.
content highlight: pk-basheer-against -that-khushbu