ചർമ്മത്തിൻ്റെ ഭംഗി നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് സൺ ടാൻ. പുറത്ത് പോകുമ്പോഴും വീട്ടിലിരിക്കുമ്പോഴുമൊക്കെ മുഖത്ത് സൺ സ്ക്രീൻ പുരട്ടേണ്ടത് വളരെ പ്രധാനമാണ്. അമിതമായി വെയിൽ ഏൽക്കുന്ന ജോലിയിൽ ഏർപ്പെടുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തിൽ സൺ ടാൻ മാറ്റാൻ സഹായിക്കുന്ന ഒരു അടിപൊളി ഫേസ് പായ്ക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വളരെ സിമ്പിളായി കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഈ ഫേസ് മാസ്ക് തയാറാക്കാൻ സാധിക്കും. മുട്ടയുടെ വെള്ളയാണ് ഇതിലെ പ്രധാനി.
ചർമ്മം തിളങ്ങാൻ ഏറെ നല്ലതാണ് തേൻ. ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ നന്നായി മോയ്ചറൈസ് ചെയ്യാനും അതുപോലെ ആവശ്യത്തിന് ജലാംശം നൽകാനും തേൻ സഹായിക്കാറുണ്ട്. അതുപോലെ മുഖക്കുരുവും അതിൻ്റെ പാടുകളുമൊക്കെ വേഗത്തിൽ മാറ്റാൻ തേൻ സഹായിക്കാറുണ്ട്. ചർമ്മത്തിന് വേഗത്തിൽ തിളക്കം നൽകാനുള്ള മാർഗമാണ് തേൻ ഉപയോഗിക്കുന്നത്. ഇത് ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കാറുണ്ട്.
മുഖത്തെ കരിവാളിപ്പ് നീക്കാൻ ഏറ്റവും നല്ലതാണ് കാപ്പിപൊടി. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ചർമ്മത്തിലുണ്ടാകുന്ന വീക്കം, ഡാർക് സർക്കിൾസ് എന്നിവയൊക്കെ ഇല്ലാതാക്കാനും കാപ്പിപൊടി വളരെയധികം സഹായിക്കാറുണ്ട്. ചർമ്മത്തിൽ നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാനും മൃതകോശങ്ങളെ പുറന്തള്ളാനും കാപ്പിപൊടി സഹായിക്കാറുണ്ട്.
ഒരു മുട്ടയുടെ വെള്ള എടുക്കുക. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കാപ്പിപൊടിയും അൽപ്പം തേനും മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ മാസ്കിൽ നിന്ന് കുറച്ച് മുഖത്ത് എടുത്ത് തേച്ച് പിടിപ്പിക്കാം അതിന് ശേഷം ടിഷ്യൂ പേപ്പർ ഉപയോഗിച്ച് മുഖം കവർ ചെയ്യുക. അത് കഴിഞ്ഞ് ബാക്കിയുള്ള പായ്ക്ക് കൂടി അതിൻ്റെ മുകളിലേക്ക് തേച്ച് പിടിപ്പിച്ച് മാസ്ക് പോലെ വയ്ക്കാം. മാസ്ക് നന്നായി ഉണങ്ങിയ ശേഷം ഈ ടിഷ്യു പതുക്ക് പീൽ ഓഫ് ചെയ്ത് കളയാവുന്നതാണ്.