Kerala

പാലക്കാടിനെ ഇളക്കിമറിച്ച് പി സരിന്‍റെ റോഡ് ഷോ; ചെങ്കൊടി വീശി അഭിവാദ്യം ചെയ്ത് എൽഡിഎഫ് പ്രവർത്തകർ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി. സരിന് വൻ വരവേൽപ്പൊരുക്കി പാലക്കാട്ടെ പ്രവർത്തകർ. മണ്ഡലത്തിലെത്തിയ സരിന് വൻ സ്വീകരണമാണ് എൽഡിഎഫ് ഒരുക്കിയത്. മണ്ഡലത്തിൽ പി. സരിന്റെ റോഡ് ഷോ പുരോഗമിക്കുകയാണ്. പാർട്ടി പ്രവർത്തകരുടെ വലിയ പങ്കാളിത്തമാണ് റോഡ് ഷോയിലുള്ളത്. വിക്ടോറിയ കോളജ് പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോ കോട്ടമൈതാനിയിലാണ് സമാപിക്കുക. സിപിഎം- ഡിവൈഎഫ്ഐ നേതാക്കളും സരിനൊപ്പമുണ്ട്.

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചാണ് ഡോ. പി സരിൻ ഇടതോരം ചേർന്നത്. ഇടതുപക്ഷം സ്ഥാനാർത്ഥികളെ തിരഞ്ഞ് നടക്കുന്നുവെന്ന വിമർശനം രൂക്ഷമായിരിക്കെയാണ് സരിൻ കോൺ​ഗ്രസ് വിട്ടത്. ഇത് മുതലെടുത്ത് പാലക്കാട് മണ്ഡലം സരിനിലൂടെ പിടിച്ചെടുക്കാം എന്ന നിലപാട് ഇടത് മുന്നണി സ്വീകരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ, ഇന്ന് രാവിലെ മുതൽ സരിൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ജില്ലയിലെ പ്രമുഖരെയും മുതിർന്ന രാഷ്ട്രീയനേതാക്കളേയും സന്ദർശിച്ചായിരുന്നു പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് റോഡ് ഷോയിലൂടെ സരിന് വലിയ സ്വീകരണം ഒരുക്കാൻ എൽഡിഎഫ് തീരുമാനിക്കുകയായിരുന്നു.

ഷാഫി പറമ്പിലും കെ.രാധാകൃഷ്ണനും ലോക്​സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പാലക്കാട് ഇടത് സ്വതന്ത്രനായാണ് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനറായിരുന്ന ഡോ.പി.സരിന്‍ മത്സരിക്കുന്നത്. സരിൻ 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സിപിഎമ്മിലെ കെ പ്രേംകുമാറിനോട് പരാജയപ്പെടുകയായിരുന്നു.

ചെങ്കൊടിക്ക് കീഴിൽ അണിനിരക്കുന്നത് അഭിമാനമാണെന്ന് സരിൻ റോഡ് ഷോയിൽ‌ പ്രതികരിച്ചത്. വരും ദിനങ്ങളിൽ എൽഡിഎഫിന്റെ പ്രചരണത്തിന് ശക്തി പകരുന്നതാണ് റോഡ് ഷോയിലെ ജനപങ്കാളിത്തം. രാഹുലും സരിനും ഏറ്റുമുട്ടുന്ന പാലക്കാടാണ് ഉപതെരെഞ്ഞെടുപ്പിലെ ഹൈ വോൾട്ടേജ് മത്സരം നടക്കുക എന്നത് ഇരുമുന്നണികളുടെയും റോഡ‍് വിളിച്ചോതുന്നതാണ്.