കോഴിക്കോട്: എലത്തൂർ കാട്ടിൽ പീടികയിൽ യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ നിലയിലാണ്. കയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് യുവാവ് പറഞ്ഞു.
വടകരയ്ക്കും കുറ്റ്യാടിക്കും ഇടയിലുള്ള കാട്ടില്‍പീടികയിൽ വൈകീട്ട് മൂന്നരയ്ക്കാണ് സംഭവം. ഇന്ത്യ വണ്‍ എ.ടി.എം. ഫ്രാഞ്ചൈസി ജീവനക്കാരനാണ് സുഹൈൽ. കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നുമാണ് യുവാവ് പറയുന്നത്.
പണവുമായി കോഴിക്കോട് ഭാഗത്തേക്ക് വരുമ്പോള്‍ അരിക്കുളം കുരുടിമുക്കില്‍ നിന്നും പര്‍ദ്ദയിട്ട സ്ത്രീ കാറിന് മുന്നിലേക്ക് ചാടി. വണ്ടി നിർത്തിയ ഉടനെ സ്ത്രീ അതിക്രമിച്ച് കാറിലേക്ക് കയറിയെന്നും തന്നെ സ്പ്രേ അടിച്ച് ബോധം കെടുത്തിയെന്നും സുഹൈല്‍ പറഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ തിരുവങ്ങൂര്‍ ഭാഗത്തായിരുന്നുവെന്നാണ് സുഹൈല്‍ പോലീസിനോട് പറഞ്ഞത്. സുഹൈൽ കാറില്‍ കെട്ടിയിട്ട നിലയിലായിരുന്നു. യുവതിക്ക് പുറമെ, കാറില്‍ വേറെയും ആളുകള്‍ ഉണ്ടായിരുവെന്നും കാട്ടില്‍ പീടികയില്‍ കാര്‍ നിര്‍ത്തിയശേഷം ഈ സംഘം കടന്നുകളഞ്ഞുവെന്നുമാണ് പരാതിയില്‍ പറയുന്നത്. സ്വകാര്യ എടിഎമ്മിൽ പണം നിറക്കാനുള്ള പണമാണ് നഷ്ടമായതെന്നാണ് യുവാവ് പറയുന്നത്.
കൊയിലാണ്ടി പോലീസ് എത്തിയാണ് സുഹൈലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.