കൊല്ലം: എംഡിഎംഎ യുമായി സീരിയൽ നടി അറസ്റ്റിൽ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീ നന്ദനത്തിൽ ഷംനത്ത് (പാർവതി – 36) ആണ് പിടിയിലായത്.
ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. പരവൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടിൽ റെയ്ഡ് നടന്നത്. 3 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്.
കിടപ്പുമുറിയിലെ മേശയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ആറ് സിപ്പർ കവറുകളും ഇതിനൊപ്പം കണ്ടെടുത്തിട്ടുണ്ട്. കടയ്ക്കൽ ഭാഗത്തുനിന്നാണ് ലഹരി വാങ്ങിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് നൽകിയ നവാസിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് ചോദ്യം ചെയ്യലിൽ മൂന്ന് മാസത്തോളമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് യുവതി സമ്മതിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് എംഡിഎംഎ ഉൾപ്പെടെ പിടികൂടിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ സീരിയൽ താരം പിടിയിലായത്. നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
















