പാർപ്പിടം, ഭക്ഷണം, വസ്ത്രം എന്നിവ പോലെ തന്നെ മനുഷ്യന് ഒഴിച്ചുകൂടാൻ കഴിയാത്ത ആവശ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് യാത്രകളും. വിനോദസഞ്ചാര മേഖലയിൽ കേരളവും വലിയ കുതിപ്പാണ് നടത്തുന്നത്. പ്രമുഖ ട്രാവൽ വെബ്സൈറ്റായ സ്കൈ സ്കാനറിന്റെ പുതിയ റിപ്പോർട്ടിൽ 2025 ൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് തിരുവനന്തപുരവും. സ്കോട്ലൻഡിലെ എഡിൻബർഗ് ആസ്ഥാനമായുള്ള ജനപ്രിയ ട്രാവൽ സേർച് പ്ലാറ്റ്ഫോം ആണ് സ്കൈസ്കാനർ. യുകെയിൽ നിന്നുള്ള വിനോദസഞ്ചാരികൾ യാത്ര ചെയ്യാൻ താൽപര്യപ്പെടുന്ന ലോകത്തെ ട്രെൻഡിങ് ഡെസ്റ്റിനേഷനുകളിൽ ഒന്നായാണ് തിരുവനന്തപുരം സ്ഥാനം പിടിച്ചിരിക്കുന്നത്.
വിനോദസഞ്ചാരികളുടെ ഓൺലൈൻ സെർച്ചിങ് അടിസ്ഥാനമാക്കി ഓരോ വർഷവും സ്കൈസ്കാനർ ജനപ്രിയ ലക്ഷ്യ സ്ഥാനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്. ഇതിൽ യു കെയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ തിരഞ്ഞ പത്ത് ഡെസ്റ്റിനേഷനുകളിൽ ഒന്നായാണ് തിരുവനന്തപുരം. തിരച്ചിലിൽ 66 ശതമാനം വർധനയാണ് തിരുവനന്തപുരം എന്ന ഡെസ്റ്റിനേഷന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തെ സഞ്ചാരികളുടെ ഓൺലൈൻ സേർച്ച് അടിസ്ഥാനമാക്കിയാണ് സ്കൈസ്കാനർ ഈ പട്ടിക തയാറാക്കിയത്.
ഇറ്റലി, എസ്റ്റോണിയ, കംപോഡിയ, യുഎസ്എ, ഡൊമിനിക്ക, സ്പെയിൻ, നോർവേ, ഫിലിപ്പിൻസ്, ജർമനി, ഇന്ത്യ എന്നിങ്ങനെയാണ് ആദ്യപത്തിൽ എത്തിയ രാജ്യങ്ങൾ. തിരച്ചിലിൽ 541 ശതമാനത്തിന്റെ വർധന നേടി ഇറ്റലിയിലെ റെജിയോ കാലാബ്രിയയാണ് ഒന്നാം സ്ഥാനത്ത്. തിരച്ചിലിൽ 294 ശതമാനം വർധനവ് നേടിയ എസ്റ്റോണിയയിലെ ടർടു രണ്ടാം സ്ഥാനത്തും 241 ശതമാനം വർധനവ് നേടി കംപോഡിയയിലെ സിയെം റീപ് മൂന്നാം സ്ഥാനത്തുമാണ്. ബാൾടിമോർ (യുഎസ്എ), പോർട്സ് മൗത്ത് (ഡൊമിനിക), കോർഡോബ (സ്പെയിൻ), ട്രോംസോ (നോർവേ), പംഗ്ലാവോ ബോഹോൽ (ഫിലിപ്പിൻസ്), സ്റ്റട്ട് ഗാർട്ട് (ജർമനി) എന്നിവയാണ് നാലുമുതൽ ഒമ്പതാം സ്ഥാനം വരെയുള്ള സ്ഥലങ്ങൾ.
നമ്മുടെ തിരുവനന്തപുരം ആണ് പട്ടികയിൽ പത്താം സ്ഥാനത്ത്. പട്ടികയിൽ ഇടം കണ്ടെത്തിയതിന്റെ സന്തോഷം ടൂറിസം മന്ത്രി മുഹമ്മദ് റിയാസും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും പങ്കുവച്ചു. യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കേരള ടൂറിസം നടത്തിയ മാർക്കറ്റിങ് ക്യാംപയിനുകൾ വിജയം കണ്ടെന്ന് മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തിൽ കുറിച്ചു. ലോകടൂറിസം ഭൂപടത്തിൽ കേരളവും തലസ്ഥാനവും വീണ്ടും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇറ്റലി, അമേരിക്ക, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നഗരങ്ങൾക്കൊപ്പമാണ് തിരുവനന്തപുരവും ഇടം പിടിച്ചതെന്ന് മേയർ ആര്യ രാജേന്ദ്രൻ കുറിച്ചു.
STORY HIGHLLIGHTS : thiruvananthapuram-top-travel-destination-2025