ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നടത്തിയ വ്യാപക തെരച്ചിലിൽ രണ്ട് ഭീകരർ പിടിയിൽ. രഹസ്യാന്വേഷണ വിഭാഗങ്ങൾ കൈമാറിയ വിവരങ്ങൾ പ്രകാരം നടത്തിയ ഓപ്പറേഷനിൽ അബ്ദുൾ അസീസ്, മൻവർ ഹുസൈൻ എന്നിവരാണ് പിടിയിലായത്.
പൂഞ്ച് സെക്ടറിൽ ഇന്ത്യൻ സൈന്യത്തിൻ്റെയും ജമ്മു കശ്മീർ പൊലീസിൻ്റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സുരക്ഷാ സേന ഏറെക്കാലമായി തിരയുകയായിരുന്ന ഭീകരരെ പിടികൂടാനായത്.
ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഗ്രനേഡുകളും സുരക്ഷാ സേന കണ്ടെടുത്തു. 37 രാഷ്ട്രീയ റൈഫിൾസിലെയും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൻ്റെ (സിആർപിഎഫ്) 38-ാം ബറ്റാലിയനിലെയും സൈനികർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അബ്ദുൾ അസീസ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് മൂന്ന് ഗ്രനേഡുകളാണ് കണ്ടെടുത്തത്.