റാഞ്ചി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്‍റെ സീറ്റ് വിഭജനം പൂർത്തിയായതായി ജാർഖണ്ഡ് മുക്തി മോർച്ച് നേതാവും മുഖ്യമന്ത്രിയുമായ ഷിബു സോറൻ. 81 അംഗ നിയമസഭയിൽ ജെ.എം.എം-കോൺഗ്രസ് സഖ്യം 70 സീറ്റിൽ മൽസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബാക്കി സീറ്റുകളിൽ ഇൻഡ്യ സഖ്യത്തിലെ മറ്റ് പാർട്ടികൾ മത്സരിക്കും. ആർ.ജെ.ഡിയുമായും ഇടതുപാർട്ടികളുമായും ചർച്ചകൾ നടന്നു വരികയാണെന്നും സോറൻ വ്യക്തമാക്കി.
2019ലെ തെരഞ്ഞെടുപ്പിലെ യു.പി.എ സഖ്യത്തിൽ ജെ.എം.എം 43 സീറ്റിലും കോൺഗ്രസ് 31 സീറ്റിലും ആർ.ജെ.ഡി ഏഴ് സീറ്റിലുമാണ് മൽസരിച്ചത്. യു.പി.എ സഖ്യം 47 സീറ്റിലും ബി.ജെ.പി 25 സീറ്റിലും വിജയിച്ചു. 2000ൽ ജാർഖണ്ഡ് രൂപവത്കരിച്ച ശേഷം സഖ്യത്തിന് ലഭിക്കുന്ന വൻ വിജയമാണിത്.
ബി.ജെ.പിയെ രണ്ടാം സ്ഥാനത്താക്കിയാണ് ജെ.എം.എം ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. ഓൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂനിയൻ രണ്ട് സീറ്റിലും എൻ.സി.പി, സി.പി.ഐ (എം.എൽ) എന്നീ പാർട്ടികൾ ഓരോ സീറ്റുകളിലും സ്വതന്ത്രർ രണ്ട് സീറ്റിലും വിജയിച്ചിരുന്നു.
ജാർഖണ്ഡിൽ നവംബർ 13, നവംബർ 20 തീയതികളിൽ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 23നാണ് വോട്ടെണ്ണൽ.