പാലക്കാട്: പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. സംഘടനാ വിരുദ്ധപ്രവർത്തനവും അച്ചടക്കലംഘനവും കാട്ടിയതിനെ തുടർന്ന് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചു.
കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എകെ ഷാനിബ് ഉന്നയിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെ സരിന് പിന്നാലെ എകെ ഷാനിബും പരസ്യമായി രംഗത്തുവന്നത് കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു.
ഇന്ന് രാവിലെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കൊണ്ട് ഷാനിബ് വാർത്താ സമ്മേളനം വിളിച്ചത്. സി.പി.എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വാർത്താ സമ്മേളനത്തിനിടെ അദ്ദേഹം പൊട്ടിക്കരഞ്ഞു. പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർ.എസ്.എസും തമ്മിലുണ്ടെന്നും ഇതിന്‍റെ രക്തസാക്ഷിയാണ് കെ. മുരളീധരൻ എന്നും ഷാനിബ് പറഞ്ഞു. ഈ കരാറിന്‍റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്. ആറന്മുളയിൽ അടുത്ത തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു. സി.പി.എം തുടർ ഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടി സാറ് പോയ ശേഷം നമ്മളെ കേൾക്കാൻ ആരുമില്ലെന്ന് വിതുമ്പിക്കരഞ്ഞ് എ.കെ. ഷാനിബ് പറഞ്ഞു. പരാതി പറയുമ്പോൾ കേൾക്കാൻ ആരുമില്ല. ആ ഉമ്മൻ ചാണ്ടി സാറിന്‍റെ പേരിൽ ഇവർ നടത്തുന്ന നാടകങ്ങൾ കണ്ട് സഹികെട്ടിട്ടാണ് ഇപ്പോൾ ഇതെല്ലാം തുറന്ന് പറയാൻ തയാറായത്. ഞാൻ മാത്രമല്ല, എന്‍റെ പിന്നിൽ ഒരു പാട് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഇങ്ങനെ പയാനുണ്ട്. രാഷ്ട്രീയ വഞ്ചനയുടെ നിരവധി കഥകളാണ് ഷാഫി പറമ്പിലിന്‍റെയും വി.ഡി. സതീശന്‍റെയും നേതൃത്വത്തിൽ ഈ പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുന്നത് -അദ്ദേഹം കുറ്റപ്പെടുത്തി.
വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചത്. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൻ സരിൻ പറഞ്ഞത് കൃത്യമായ ബോധ്യത്തോടെയുള്ള കാര്യങ്ങളാണ്. അത് സാധൂകരിക്കുന്ന കാര്യങ്ങളാണ് തനിക്കും പറയാനുള്ളത്. പ്രതീക്ഷിക്കാത്ത തീരുമാനങ്ങൾ പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും ഷാനിബ് പറഞ്ഞിരുന്നു.
സന്തോഷകരമായ ദിവസമല്ല തന്നെ സംബന്ധിച്ച്. ഒരിക്കലും ഇതുപോലെ വന്നിരിക്കേണ്ടി വരുമെന്ന് വിചാരിച്ചതല്ല. ഇത്തരമൊരു തീരുമാനം ആരും പ്രതീക്ഷിച്ചതല്ല. 15-ാം വയസ്സിൽ കോൺഗ്രസ് പ്രവർത്തകൻ ആയതാണ്. ഇതൊന്നും തള്ളല്ല. തന്റെ നാട്ടിലെ സാധാരണ കോൺഗ്രസുകാരോട് ക്ഷമ ചോദിക്കുന്നു. ഇങ്ങനെ പോയാൽ കേരളത്തിൽ പാർട്ടിയുടെ അവസ്ഥ പരിതാപകരമാവും. തുടർച്ചയായി പ്രതിപക്ഷത്തിരുന്നിട്ടും തിരുത്താൻ പാർട്ടി തയ്യാറായില്ലെന്നും ഷാനിബ് വിമർശിച്ചിരുന്നു.