കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ നടന്നുവന്ന മൊഴിയെടുപ്പ് പൂർത്തിയായി. ഡിജിറ്റൽ രേഖകളടക്കം ശേഖരിച്ചു. കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ, കലക്ടറേറ്റ് ഉദ്യോഗസ്ഥർ, പരാതിക്കാരൻ പ്രശാന്തൻ തുടങ്ങിയവരുടെ മൊഴിയാണെടുത്തത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീത ഐഎഎസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കണ്ണൂർ കലക്ടറേറ്റിൽ നടന്ന മൊഴിയെടുപ്പ് എട്ട് മണിക്കൂറോളം നീണ്ടു. പ്രശാന്തനെ മൊഴിയെടുക്കാനായി കണ്ണൂർ കലക്ടറേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പരാതിയും തെളിവുകളും പ്രശാന്തൻ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് കൈമാറി. മൊഴി നൽകിയ ശേഷം പ്രശാന്തൻ മടങ്ങുകയും ചെയ്തു.
പ്രശാന്തൻ നൽകിയ പരാതിയിൽ ദുരൂഹതയുണ്ട്. പമ്പിന് ഭൂവുടമയുമായി ഉണ്ടാക്കിയ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും പ്രശാന്തന്റെ ഒപ്പുകൾ വ്യത്യസ്തം. നെടുവാലൂർ പള്ളി വികാരി ഫാ. പോൾ എടത്തിനകത്ത് എന്ന വിനോയ് വർഗീസ് ഇ എന്നയാളുമായി ഉണ്ടാക്കിയ പാട്ടക്കരാറിൽ എല്ലാ പേജുകളിലും ‘പ്രശാന്ത്’ എന്നാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതിയിലാകട്ടെ ‘പ്രശാന്തൻ ടി.വി. നിടുവാലൂർ’ എന്നുമാണ്. പാട്ടക്കരാർപോലുള്ള നിർണായക രേഖയിൽ പ്രശാന്തും മുഖ്യമന്ത്രിക്കുള്ള പരാതിയിൽ പ്രശാന്തൻ ടി.വിയും എന്നും രണ്ടുതരം ഒപ്പും വന്നത് കൈക്കൂലിക്കഥ അനുദിനം ദുർബലമാകുന്നുവെന്നാണ് വിലയിരുത്തൽ. പ്രശാന്ത് നേരിട്ടെത്തിയാണ് കരാർ ഒപ്പിട്ടതെന്ന് വൈദികൻ നേരത്തേ പറഞ്ഞിരുന്നു.
അതേസമയം, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചത് കളക്ടറാണോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പരിപാടിയുടെ സംഘാടകന്‍ താനല്ല എന്ന് മാത്രമായിരുന്നു മറുപടി. ഇക്കാര്യം മാധ്യമങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും കളക്ടര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ലെന്നും കളക്ടര്‍ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കളക്ടര്‍ക്കെതിരെയും ആരോപണം ശക്തമാവുന്നതിനിടെയാണ് പ്രതികരണം.
അതേസമയം, എഡിഎമ്മിന്റെ മരണത്തിൽ ആരോപണവിധേയയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മൊഴിയെടുക്കാൻ സാവകാശം തേടി. എത്ര പേരുടെ മൊഴിയെടുത്തെന്ന് ഇപ്പോൾ പറയാനാവില്ലെന്നും എല്ലാം വിശദമായി റിപ്പോർട്ടിൽ വ്യക്തമാക്കുമെന്നും എ. ഗീത പറഞ്ഞു. ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കുമെന്നും ഉദ്യോഗസ്ഥ അറയിച്ചു.