Kerala

‘സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കാനാകില്ല’; കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി, രൂക്ഷവിമർശനവുമായി ഡിസിസി ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ

പാലക്കാട്: പാലക്കാട്ടെ കോൺ​ഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പാലക്കാട് രൂക്ഷവിമർശനവുമായി ഡിസിസി ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ രം​ഗത്തെത്തി. ജനങ്ങളുടെ മേൽ സ്ഥാനാർഥിയെ അടിച്ചേൽപ്പിക്കാനാകില്ലെന്നും പാർട്ടിയിൽ നിന്ന് പോകുന്നവർ ഉന്നയിക്കുന്ന കാതലായ വിഷയങ്ങൾ കേൾക്കാൻ നേതൃത്വം തയ്യാറാകണമെന്നും ശിഹാബുദ്ധീൻ വിമർശിച്ചു.

യുവ നേതൃത്വത്തിൽ മുറിവേറ്റവർ പലതാണെങ്കിലും അതിന് ഉപയോഗിച്ച കത്തി ഒന്നാണെന്ന് ശിഹാബുദ്ധീന്റെ വിമർശനം. രാഹുലിന് പുതുപ്പള്ളിയിൽ നിന്ന് വരുന്ന വഴി ലീഡറുടെ കല്ലറയിൽ കൂടി കയറി പ്രാർത്ഥിക്കാമായിരുന്നു എന്ന് ശിഹാബുദ്ധീൻ പറഞ്ഞു. കോൺ​ഗ്രസ് നേത‍ൃത്വത്തെ വിമർശിച്ച് നേരത്തെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ വിമർശനവുമായെത്തിയത്.

നേതൃത്വത്തിനെതിരെ പരസ്യമായി ആരോപണമുന്നയിക്കുന്ന രണ്ടാമത്തെയാളാണ് ശിഹാബുദ്ധീൻ. നേരത്തെ കോൺ​ഗ്രസിനും നേതൃത്വത്തിനുമെതിരെ ആരോപണമുന്നയിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന എ.കെ ഷാനിബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണ് ഡിസിസി നടപടി. പുറത്താക്കിയ വിവരം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.