ശബരിമല: ശബരിമലയിൽ അഭൂതപൂർവമായ ഭക്തജന തിരക്ക്. പതിനെട്ടാംപടി കയറാൻ 6 മണിക്കൂറിലേറെ നീണ്ട കാത്തുനിൽപ്. മാസ പൂജയുടെ ചരിത്രത്തിൽ ആദ്യമായാണ് സന്നിധാനത്ത് ഇത്രയും വലിയ തിരക്ക് അനുഭവപ്പെട്ടത്. മാസ പൂജയ്ക്കു സാധാരണ 22,000 പേരിൽ കൂടുതൽ ദർശനത്തിന് എത്താറില്ല. എന്നാൽ വെള്ളിയാഴ്ച 61,337, ഇന്നലെ 53,637 എന്നിങ്ങനെയായിരുന്നു വെർച്വൽ ക്യൂ ബുക്ക് ചെയ്തിരുന്നവരുടെ എണ്ണം. ഇതിനു പുറമേ സ്പോട് ബുക്കിങ്ങും ഉണ്ടായിരുന്നു. സാധാരണ 20,000 മുതൽ 25,000 പേരാണ് ഒരു ദിവസം ദർശനത്തിന് എത്താറുള്ളത്. അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തീർഥാടകരെ വലച്ചു.
ഉദയാസ്തമനപൂജ, പടിപൂജ എന്നിവ എല്ലാ ദിവസവും ഉണ്ട്. പടിപൂജ ഉള്ളതിനാൽ വൈകിട്ട് 6 മുതൽ 8 വരെ കയറ്റം തടഞ്ഞു. ഇതുകാരണം ക്യൂ വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തി ഭാഗത്തേക്ക് നീണ്ടു. രാത്രി 11ന് നട അടച്ചപ്പോൾ ദർശനത്തിനായി 20,000 പേരിൽ കുറയാതെ കാത്തുനിൽക്കുകയായിരുന്നു. ഇന്നലെ രാവിലെ 5ന് നട തുറന്ന ശേഷമാണ് ഇവർക്കു ദർശനം ലഭിച്ചത്. വെള്ളിയാഴ്ച വന്നതിൽ ദർശനം കിട്ടാതെ പോയവരും ഇന്നലെ എത്തിയവരും കൂടി ആയതോടെ സന്നിധാനത്തെ തിരക്ക് നിയന്ത്രണാതീതമായി. ഇതോടെ ദേവസ്വം ബോർഡ് ദർശന സമയം കൂട്ടി.