ഗസ്സ: വടക്കൻ ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കൊലയിൽ മരണം 100 കടന്നു. ബൈത് ലാഹിയ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ കൊല്ലപ്പെട്ടു. പട്ടണത്തിലെ കെട്ടിടസമുച്ചയത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സമീപമുള്ള നിരവധി വീടുകളും ആക്രമണത്തിൽ തകർന്നു. പ്രദേശങ്ങളിൽ പൂർണമായും ഉപരോധമേർപ്പെടുത്തി കൂട്ടക്കൊല നടത്തുന്നുവെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
അതതേസമയം നെതന്യാഹുവിൻറെ സ്വകാര്യ വസതിക്കു നേരെ നടന്ന ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ടെൽ അവീവിനു തെക്കുള്ള സിസറിയയിലെ നെതന്യാഹുവിന്റെ അവധിക്കാല വസതിക്കു നേരെയായിരുന്നു ആക്രമണം.
വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് തടുക്കാൻ കഴിയാത്ത നവീന ഡ്രോൺ വ്യാപകനഷ്ടം വരുത്തിയെന്നാണ് റിപ്പോർട്ട്. തന്നെയും ഭാര്യയെയും വധിക്കാൻ ഇറാൻ ആസൂത്രണം ചെയ്ത ആക്രമണമാണിതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആരോപിച്ചു. ആക്രമണം നടന്ന സമയം നെതന്യാഹുവും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. ഒരാൾ കൊല്ലപ്പെട്ടു. വസതിക്കു നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് സ്ഥിരീകരിച്ച ഇസ്രായേൽ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു. തെൽ അവീവിനു നേർക്ക് ഹിസ്ബുല്ല അയച്ച രണ്ട് ഡ്രോണുകൾ പ്രതിരോധിച്ചതായും സൈന്യം അറിയിച്ചു. യഹ്‍യ സിൻവാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനെതിരെ ആക്രമണം നടത്താനുള്ള പുതിയ തെളിവായി നെതന്യാഹു ഡ്രോൺ ആക്രമണത്തെ ആയുധമാക്കും. എന്നാൽ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിനു പിന്നിൽ തങ്ങൾക്ക് പങ്കില്ലെന്ന് യുഎന്നിലെ ഇറാൻ പ്രതിനിധി വ്യക്തമാക്കി. മേഖലയിലെ ഏറ്റവും പുതിയ സ്ഥിതിഗതികൾ ഇസ്രായേൽ നേതൃത്വവുമായി ചർച്ച ചെയ്തതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. പശ്ചിമേഷ്യയിലെ യു.എസ് സൈനികരുടെ സുരക്ഷക്ക് എല്ലാ നടപടിയും സ്വീകരിച്ചു വരുന്നതായും അദ്ദേഹം പ്രതികരിച്ചു.
അതിനിടെ, ഗസ്സയിൽ വ്യാപക കൂട്ടക്കുരുതികളാണ് ഇസ്രായേൽ തുടരുന്നത്. വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽ മാത്രം 100 പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ സർക്കാർ മാധ്യമ വിഭാഗം അറിയിച്ചു. കമാൽ അദ്വാൻ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു. ചുരുങ്ങിയത് 50 പേരെങ്കിലും ഇവിടെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടിരിക്കുമെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്.
വംശഹത്യയടെ ഞെട്ടിക്കുന്ന സംഭവങ്ങൾക്കാണ് വടക്കൻ ഗസ്സ സാക്ഷിയാകുന്നതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാത്രി വൈകിയും അഭയാർഥി ക്യാമ്പുകൾക്ക് നരെ ഇസ്രായേൽ ആക്രമണം തുടർന്നു. ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിനു നേരെയും വ്യാപക ആക്രമണം നടന്നു. കൂടുതൽ കെട്ടിടങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ സേന നിർദേശിച്ചു.
അതിനിടെ, ഇറാനെതിരെ ഇസ്രായേൽ ആസൂത്രണം ചെയ്ത ആക്രമണത്തിൻറെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അമേരിക്ക അന്വേഷണത്തിന് ഉത്തരവിട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതീവ രഹസ്യവിവരങ്ങൾ ഇറാന് ആരോ ചോർത്തി നൽകിയെന്നാണ് അമേരിക്ക കരുതുന്നത്.