തിരുവനന്തപുരം: കേരളത്തിന്‍റെ വിപ്ലവ നക്ഷത്രം സഖാവ് വി എസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്ന് വയസ് പൂർത്തിയായി. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ 5 വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ്. വി എസ് എന്ന് മലയാള നാട് ചുരുക്കി വിളിക്കുന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിപ്ലവ നേതാവ് അക്ഷരാർത്ഥത്തിൽ പ്രായം തളർത്താത്ത പോരാളി തന്നെയാണ്. ഭരണത്തുടര്‍ച്ചയെ തുടര്‍ന്നുള്ള ജീര്‍ണതകള്‍ പല രൂപത്തില്‍ പാര്‍ട്ടിയെ ഉലക്കുമ്പോള്‍ വിഎസ് അച്യുതാനന്ദന്‍ സജീവമായി നിന്ന രാഷ്ട്രീയ ദിനങ്ങളെയാണ് എല്ലാവരും ഓര്‍ക്കുന്നത്.
കേരള രാഷ്ട്രീയത്തില്‍ പ്രതിരോധത്തിന്‍റെ മറുപേരാണ് സഖാവ് വിഎസ് അച്ചുതാനന്ദന്‍. ത്യാഗസുരഭിലമായ ജീവിതത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്നില്‍ നിന്ന അതുല്യനായ നേതാവ്. കുട്ടിക്കാലം മുതല്‍ തന്നെ അതികഠിനമായ ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്തത് കൊണ്ടാകണം, ഒന്നിനോടും അയാള്‍ സമരസപ്പെട്ടില്ല. അഴിമതിക്കെതിരെ അദ്ദേഹം സധൈര്യം പോരാടി. അസമത്വങ്ങള്‍ക്കെതിരെ മല്ലടിച്ചു. എണ്ണമറ്റ തൊഴിലാളി സമരങ്ങളിലൂടെയും ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിലൂടെയുമെല്ലാം അദ്ദേഹം കേരളജനതയുടെ മനസിലിടം നേടി. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടും ജനങ്ങൾക്കായി എന്നും നിലകൊണ്ടും കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവായി അദ്ദേഹം മാറി.
1923 ഒക്ടോബർ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് വി എസ് ജനിക്കുന്നത്. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.
ഇതോടെ വി എസ് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി.
2019 ഒക്ടോബര്‍ 25ന് രാത്രിയുണ്ടായ പക്ഷാഘാതം ഏല്‍പിച്ച ശാരീരിക അവശതയില്‍ നിന്ന് അദ്ദേഹത്തിന് മോചനമുണ്ടായില്ല. കേരളത്തിന്‍റെ ഫിഡല്‍ കാസ്ട്രോയെന്ന് സീതാറാം യച്ചൂരി വിശേഷിപ്പിച്ച വിഎസിന് വയസ് 101 തികയുമ്പോള്‍ എന്നും തിരുത്തല്‍ ശക്തിയായിരുന്ന വിഎസിന്‍റെ വാക്കുകള്‍ക്ക് രാഷ്ട്രീയ എതിരാളികള്‍ പോലും കാതോര്‍ക്കുന്നുണ്ടാകും.
ഭരണത്തുടര്‍ച്ച പാര്‍ട്ടിയെ ദുഷിപ്പിച്ചെന്ന വാദം, സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും പോലുള്ള ആരോപണങ്ങള്‍ വരെ പാര്‍ട്ടി നേരിടേണ്ട സാഹചര്യം, മിക്കപ്പോഴും പ്രതിപക്ഷത്തിന് മേല്‍ക്കൈ കിട്ടുന്ന അവസ്ഥ. വിഎസ് സജീവമായിരുന്നെങ്കിലെന്ന് പലരും ഓര്‍ത്തു പോകുകയാണ്. മറ്റൊരു സമ്മേളന കാലത്തിലൂടെ പാര്‍ട്ടി കടന്നു പോകുമ്പോഴാണ് കേരളത്തിന്‍റെ സമരേതിഹാസത്തിന്‍റെ 102 ആം പിറന്നാള്‍.