മുംബൈ: കർണാടകയിലെ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിലെ പ്രതി ശ്രീകാന്ത് പൻഗാർക്കർ മഹാരാഷ്ട്രയിലെ ശിവസേനാ ഷിൻഡെ വിഭാഗത്തിൽ ചേർന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന പാർട്ടിയിൽ അംഗത്വമെടുത്തതിനു പിന്നാലെ ജൽന നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനും പൻഗാർക്കർ താൽപര്യം പ്രകടിപ്പിച്ചു. ഇയാൾ ഉൾപ്പെടെ അറസ്റ്റിലായ സനാതൻ സൻസ്ത സംഘടനാ പ്രവർത്തകരിൽ പലരും മഹാരാഷ്ട്ര സ്വദേശികളാണ്. 2017 സെപ്റ്റംബർ 5ന് ബെംഗളൂരുവിലെ വീടിനു മുന്നിലാണു ഗൗരി കൊല്ലപ്പെട്ടത്. 2018ൽ അറസ്റ്റിലായ പൻഗാർക്കർക്ക് കഴിഞ്ഞമാസം 4ന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.