Kerala

‘പ്രിയപ്പെട്ട സഖാവ് വി എസ്സിന്; പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിന്‍റെ വിപ്ലവ സൂര്യൻ വിഎസ് അച്യുതാനന്ദന് ജന്മദാനാശംകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയപ്പെട്ട സഖാവ് വി എസ്സിന് പിറന്നാൾ ആശംസകൾ നേരുന്നതായി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പകരം വയ്ക്കാനില്ലാത്ത നേതാവായ വിഎസിന് ഇന്ന് 101 ആം പിറന്നാളാണ്. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ 5 വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ്.

ഭരണത്തുടർച്ചയുള്ളപ്പോഴും സമീപകാലത്തായി സർക്കാരും സിപിഎമ്മും നേരിടുന്ന വലിയ ആരോപണങ്ങളും പ്രതിസന്ധികളും നേരിട്ട് കേരളം ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോഴാണ് ഇത്തവണ വിഎസിന്‍റെ ജന്മദിനം. തെരഞ്ഞെടുപ്പ് വേദികളെ ആവേശത്തിലാക്കിയ വിഎസ് പക്ഷേ ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ 5 വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. തിരുവനന്തപുരത്തെ ബാർട്ടൻ ഹില്ലിലുള്ള മകൻ വിഎ അരുൺകുമാറിന്‍റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം. പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരം കേരള ജനതയ്ക്ക് ഇന്നും ആവേശമാണ്.