കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരായ സൈബർ ആക്രമണത്തിൽ കേസ്. ദിവ്യയുടെ ഭർത്താവ് വി.പി അജിത്ത് നൽകിയ പരാതിയിൽ കണ്ണപുരം പൊലീസാണ് കേസെടുത്തത്. എഡിഎം നവീൻ ബാബു ജീവനൊടുക്കിയതിനു പിന്നാലെയാണ് ദിവ്യയ്ക്ക് നേരെ സൈബർ ആക്രമണം രൂക്ഷമായത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ കുറ്റപ്പെടുത്തൽ പ്രസംഗത്തിൽ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് ആരോപണം.
സംഭവത്തിൽ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. മുൻകൂർ ജാമ്യം തേടി ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിൽ ഹരജി സമർപ്പിട്ടിട്ടുണ്ട്. തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ ദിവ്യ താൻ ക്ഷണിക്കപ്പെടാതെയാണ് യാത്രയയപ്പ് ചടങ്ങിന് എത്തിയതെന്ന ആരോപണവും തള്ളി. ജില്ലാ കലക്ടറാണ് തന്നെ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നു.
എന്നാൽ പരിപാടിയിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ അരുൺ കെ. വിജയൻ പറഞ്ഞു. ലാൻ റവന്യൂ ജോയിന്റ് കമ്മീഷണർ എ.ഗീതയ്ക്ക് നൽകിയ പരാതിയിലും അരുൺ ഇത് ആവർത്തിച്ചു.