പൊടിയിൽ നിന്നും ചൂടിൽ നിന്നും തണുപ്പിൽ നിന്നും നമ്മുടെ കാലുകളെ സംരക്ഷിക്കുന്ന സംരക്ഷണവലയമാണ് സോക്സ്. പ്രായഭേദമന്യ ഏവർക്കും ഉപകാരപ്രദമായ വസ്തു. കട്ടിയുള്ള ഷൂസ് ഇടുമ്പോൾ ചർമം ഉരഞ്ഞു പൊട്ടാതെ സോക്സ് സംരക്ഷിക്കുന്നു.
നൂറ്റാണ്ടുകൾക്കു മുമ്പ് മൃഗങ്ങളുടെ തോൽ കാലിൽ ചുറ്റുന്നിടത്തു നിന്നു തുടങ്ങിയതാണ് സോക്സുകളുടെ ചരിത്രം. ഗ്രീക്കുകാർ തണുപ്പിൽ നിന്നു രക്ഷ നേടാൻ മൃഗങ്ങളുടെ രോമങ്ങൾ ഒരുമിച്ച് ചേർത്ത് സോക്സായി കാലിൽ ഉപയോഗിച്ചിരുന്നത്രേ.
കോട്ടൺ, നൈലോൺ, കമ്പിളി, അക്രലിക്, പോളിസ്റ്റർ തുടങ്ങി സിൽക്, ലിനൻ കൊണ്ട് വരെ ഇന്ന് സോക്സ് നിർമ്മിക്കുന്നുണ്ട്. ഇവയിൽ കോട്ടണാണ് ഏറ്റവും ആരോഗ്യകരം. പ്രത്യേകിച്ച് ചൂടുകാലത്ത്. തണുപ്പുള്ളിടങ്ങളിൽ കമ്പിളി കൊണ്ടുള്ള സോക്സുകളാണ് ഏറ്റവും നല്ലത്. ഇവ കാലുകൾ മരവിക്കാതെ ആവശ്യത്തിന് ചൂട് നൽകും. പല നിറത്തിലും പല വലുപ്പത്തിലും സോക്സ് ലഭിക്കും. കാൽപാദം മാത്രം മൂടുന്നതു മുതൽ കാൽമുട്ടുവരെ നീളുന്ന തരത്തിലുള്ളവ വരെയുണ്ട്. കാൽപാദം വരെയുള്ളതിനെ ആങ്കിൾ സോക്സ് എന്നാണ് പറയുന്നത്. കൂടുതലും അത്‌ലീറ്റുകളാണ് ഇവ ധരിക്കുന്നത്.
സോക്സ് ധരിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
1. ചെരുപ്പു പോലെ തന്നെ സോക്സും ഇറുകിപിടിച്ചു കിടക്കുന്നവ ധരിക്കരുത്.
2. മഴക്കാലത്തു സോക്സ് ഒഴിവാക്കുന്നതാണ് നല്ലത്.
3. സോക്സ് ദിവസേന കഴുകി ഉണക്കണം.
4. നനഞ്ഞ സോക്സ് ധരിക്കരുത്. ഇതു കാലിൽ പൂപ്പൽ പോലുള്ള പ്രശ്നങ്ങൾക്കു കാരണമാകും.
5. വീട്ടിൽ എത്തിയാൽ സോക്സ് മാറ്റിയശേഷം കാലുകൾ ഇളംചൂടുവെള്ളത്തിൽ കഴുകുന്നത് നല്ലതാണ്.
6. കാലിൽ മുറിവോ മറ്റോ ഉള്ളപ്പോഴും സോക്സ് ഒഴിവാക്കുന്നതാണ് നല്ലത്.
content highlight: people-who-wear-socks