മുറുക്ക് അടിപൊളി ആവാൻ ഇങ്ങനെ ചെയ്താൽ മതി
ചേരുവകൾ
ഉഴുന്ന് – 1 കപ്പ്
പച്ചരി – 4 കപ്പ്
വെള്ളം – 5 കപ്പ് (തിളച്ച ഉടനെ)
എള്ള് – 1/ 4 കപ്പ്
കുരുമുളകുപൊടി – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
വെളുത്തുള്ളി – 1 എണ്ണം
തയാറാക്കുന്ന വിധം
- ഉഴുന്ന് നന്നായി കഴുകിയ ശേഷം ഒരു പാനിൽ ഒന്ന് ചൂടാക്കി എടുക്കാം. നന്നായി ചൂടായ ശേഷം ചെറു തീയിൽ ഇട്ട് നല്ല ഒരു ബ്രൗൺ നിറമാകുന്ന വരെ വറുത്തെടുക്കണം. ഇനി ഇത് ചൂടാറിയ ശേഷം ഒട്ടും തരികളില്ലാതെ പൊടിച്ചെടുക്കാം.
- പച്ചരിയും നന്നായി പൊടിച്ച് നല്ല പോലെ വറുത്ത് എടുക്കണം. (ഇടിയപ്പത്തിൻറെ പൊടി പോലെ)
- ശേഷം ഉഴുന്ന് പൊടിയും അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു നുള്ള് കുരുമുളകുപൊടിയും എള്ളും ചേർത്ത് നന്നായി ഇളക്കി എടുക്കാം. ഇനി ഇതിലേക്ക് തിളച്ച വെള്ളം കുറേച്ചെയായി ഒഴിച്ച് കൊടുത്ത് നന്നായി കുഴച്ചെടുക്കാം. വെള്ളം ഒഴിക്കുമ്പോൾ ഒരു വെളുത്തുള്ളി ചതച്ചെടുത്ത് ഒരു അരിപ്പയിൽ ഇട്ട് , അതേ അരിപ്പയിൽ കൂടി ഒഴിച്ച് കൊടുക്കേണ്ടതാണ്. അങ്ങനെ ചെയ്യുമ്പോൾ മുറുക്കിന് രുചിയും മണവും കൂടും.
- ഇനി ഒരു സേവനാഴിയിൽ കൂടി മുറുക്കിൻറെ ആകൃതിയിൽ ഒരു വാഴയിലയിലേക്കോ ബട്ടർ പേപ്പറിലേക്കോ പിഴിഞ്ഞെടുക്കാം. ഇനി ഓരോന്നായി നല്ല ചൂടുള്ള എണ്ണയിൽ വറുത്തെടുക്കാം. രണ്ട് വശവും നന്നായി മൂത്ത് വരുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കാം. നന്നായി മൂത്ത് വരുമ്പോൾ എണ്ണയുടെ പത മാറും. അത് കാണുമ്പോൾ മുറുക്ക് പാകമായെന്ന് മനസിലാക്കാം.
ശ്രദ്ധിക്കുക :
1. ഉഴുന്ന് പൊടിയും അരിപ്പൊടിയും തമ്മിലുള്ള അനുപാതം 1 : 4 ആയിരിക്കണം.
2 .മുറുക്ക് പിഴിഞ്ഞെടുക്കുമ്പോൾ അതിന്റെ അറ്റം ചേർത്ത് വയ്‌ക്കാൻ മറക്കരുത്. അങ്ങനെ ചെയ്തില്ലെങ്കിൽ എണ്ണയിൽ ഇടുമ്പോൾ വിടർന്ന് പോകും.
CONTENT highlight: rice-murukku