Sports

സി കെ നായിഡു ട്രോഫി: കേരളം ശക്തമായ നിലയില്‍; വരുണ്‍ നയനാരിന് സെഞ്ച്വറി

സി കെ നായിഡു ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ കേരളം ശക്തമായ നിലയില്‍. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 231 റണ്‍സ് എന്ന നിലയിലാണ് കേരളം. 109 റണ്‍സോടെ വരുണ്‍ നായനാരും 72 റണ്‍സോടെ ഷോണ്‍ റോജറുമാണ് ക്രീസില്‍. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ 10 റണ്‍സ് എടുത്ത ഓപ്പണര്‍ റിയ ബഷീറിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. തുടര്‍ന്ന് ക്യാപ്റ്റന്‍ അഭിഷേക് നായരും വരുണ്‍ നായനാരും ചേര്‍ന്നുള്ള കൂട്ടുകെട്ട് കേരളത്തിന് ഭേദപ്പെട്ട തുടക്കം നല്‍കിയത്. ഇരുവരും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 71 റണ്‍സ് പിറന്നു. അഭിഷേക് നായര്‍ 31 റണ്‍സ് എടുത്തു പുറത്തായി. തുടര്‍ന്ന് എത്തിയ ഷോണ്‍ റോജറും വരുണ്‍ നായനാരും ചേര്‍ന്നാണ് കേരളത്തെ ശക്തമായ നിലയില്‍ എത്തിച്ചത്. കളി നിര്‍ത്തുമ്പോള്‍ 109 റണ്‍സോടെ വരുണും 72 റണ്‍സോടെ ഷോണ്‍ റോജറും ക്രീസില്‍ ഉണ്ട്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 137 റണ്‍സ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.

15 ഫോറും ഒരു സിക്‌സും അടങ്ങുന്നത് ആയിരുന്നു വരുണ്‍ നായനാരുടെ ഇന്നിംഗ്‌സ്. 8 ഫോറും ഒരു സിക്‌സും അടക്കമാണ് ഷോണ്‍ റോജര്‍ 72 റണ്‍സ് നേടിയത്. ചണ്ഡിഗഡിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും ഷോണ്‍ റോജര്‍ സെഞ്ചുറി നേടിയിരുന്നു. ഉത്തരാഖണ്ഡിന് വേണ്ടി അജയ്, ഹര്‍ഷ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.