Kerala

തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ; കേന്ദ്രത്തിന്‍റെ പുതിയ വിജ്ഞാപനത്തോടെ തൃശൂര്‍ പൂരം നടത്താനാകാത്ത സാഹചര്യം: മന്ത്രി കെ രാജന്‍

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശൂര്‍ പൂരം നടത്താനാകാത്ത സാഹചര്യമെന്ന് മന്ത്രി കെ രാജന്‍. ഒരു കാരണവശാലം അം​ഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി കെ. രാജൻ പ്രതികരിച്ചു.

നിലവിലുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാല്‍ തൃശ്ശൂരിലെ സ്വരാജ് റൗണ്ടിന്റെ തേക്കിന്‍ക്കാട് മൈതാനിയില്‍ വെച്ച് കരിമരുന്ന് പ്രയോഗം നടത്താനാനാവില്ലെന്ന് മന്ത്രി പറഞ്ഞു. 35 നിയന്ത്രങ്ങളാണ് പ്രധാനമായും പറഞ്ഞിട്ടുള്ളത്. ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാനാകുന്നതാണ്. എന്നാല്‍, അഞ്ച് നിബന്ധനകള്‍ ഒരുകാരണവശാലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡും വെടിക്കെട്ട് നടക്കുന്ന സ്ഥലവുമായി 200 മീറ്റര്‍ ദൂരം വേണമെന്ന നിബന്ധന അപ്രായോഗികമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രത്തിന്റെ എക്‌സ്‌പ്ലോസീവ് നിയമത്തിലെ ഭേദഗതി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി കെ രാജന്റെ വിമര്‍ശനങ്ങള്‍. കാണികള്‍ക്ക് ഉള്ള ദൂര പരിധി 60 മീറ്റര്‍ ആക്കി കുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ ഭേദഗതി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.

സ്‌കൂളുകള്‍ നിന്ന് 250 മീറ്റര്‍ ദൂരം മാത്രമേ വെടിക്കെട്ട് നടത്താവൂ എന്ന നിബന്ധന അപകടകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വെടിക്കെട്ട് ദിവസം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ല. പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ നിന്ന് 250 മീറ്റര്‍ ദൂരം എന്ന് വിഞാപനം തിരുത്തണം. വിജ്ഞാപനത്തിലെ 2,4,6 വ്യവസ്ഥകള്‍ യുക്തി രഹിതമാണെന്നും ഇത് പൂര്‍ണമായും പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പുതിയ നിയമഭേദഗതിയനുസരിച്ച് കുറേക്കൂടി നീങ്ങിമാത്രമേ വെടിക്കെട്ട് നടത്താനാകൂ. നിറയെ കെട്ടിടങ്ങളുള്ള സ്ഥലമായതിനാൽ ഇത് സാധ്യവുമല്ല. ഇതിനാൽ ഈ നിയമഭേദഗതി നിലനിൽക്കുമ്പോൾ തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്തുക പ്രയാസമാണ്. വെടിക്കെട്ടിന് ആളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ പൂരത്തിന് പ്രശ്നങ്ങൾ ഉണ്ടായത്.