തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ബുധനാഴ്ചയോടെയായിരിക്കും ദന എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് രൂപപ്പെടുക.
ആന്‍ഡമാൻ കടലിന് മുകളില്‍ നാളെയോടെ രൂപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുന്നത്. ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക. അതേസമയം, കേരളത്തില്‍ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒക്ടോബര്‍ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. മധ്യ ആൻഡമാൻ കടലിന് മുകളില്‍ ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തില്‍ അടുത്ത ഒരാഴ്ച നേരിയ / ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്.
നാളെ കേരളത്തില്‍ പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 22ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.