Kerala

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി അന്തരിച്ചു. 72 വയസായിരുന്നു. തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. ദീര്‍ഘകാലം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു.

കെ.പി.സി.സി അംഗമാണ്​. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വർഗീസ്​ വൈദ്യന്‍റെ മകനാണ്​. വിദ്യാഭ്യാസകാലം മുതൽ പിതാവിന്‍റെ രാഷ്ട്രീയത്തിൽ നിന്ന്​ വ്യത്യസ്തമായി കോൺഗ്രസ് ചിന്താഗതിയിലേക്ക് മാറി ചിന്തിച്ചിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ കെ.എസ്‌.യു പ്രവർത്തകനായാണ്​ രാഷ്​ട്രീയത്തിലേക്ക്​ കടന്നുവന്നത്​.

2021ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചു. കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റായിരുന്നു. ഹോര്‍ട്ടി കോര്‍പ് ചെയര്‍മാനായിരുന്നു. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്നു.

കര്‍ഷക കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 2016ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു.

മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ചൊവ്വാഴ്ച നാലാരയ്ക്കാണ് ശവസംസ്‌കാരം നടക്കുക.