ആമസോണിലെ റിയോ നീഗ്രോ എന്ന നദി ഇരുണ്ട ജലപ്രവാഹത്തിനു പേരുകേട്ടതാണ്. ആമസോൺ നദിയുടെ പ്രധാന കൈവഴികളിലൊന്നായ റിയോ നീഗ്രോ ഇപ്പോൾ ഒരു ദുർവിധി അഭിമുഖീകരിക്കുകയാണ്. മേഖലയിലെ കടുത്ത വരൾച്ച മൂലം ഈ നദിയുടെ ആഴം 42 അടിയോളമാണ് കുറഞ്ഞിരിക്കുന്നത്. 1902 മുതൽ എടുത്തിട്ടുള്ള അളവുകളിൽ ഏറ്റവും കുറഞ്ഞ ആഴമാണ് ഇപ്പോൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ജലപ്രവാഹത്തിന്റെ അളവ് നോക്കിയാൽ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ നദിയാണ് റിയോ നീഗ്രോ. ലോകത്തെ ഏറ്റവും വലിയ ഇരുണ്ട ജലപ്രവാഹവും ഇതുതന്നെ. എന്നാൽ കാലാവസ്ഥാ മാറ്റം മൂലമുണ്ടായ കടുത്ത ചൂടും വരൾച്ചയുമാണ് ഈ നദിക്കും മേഖലയിലെ മറ്റു ചില നദികൾക്കും പ്രശ്നമായത്. പല നദികളും വറ്റി ബോട്ടുകൾ അവയുടെ അടിത്തട്ടിൽ ഉറച്ച നിലയിലാണ്.
ആഫ്രിക്കൻ രാജ്യം കോംഗോയിലെ (ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) കോംഗോ നദിയുടെകൈവഴിയായ റുക്കി നദിയും ലോകത്തിലെ ഏറ്റവും ഇരുണ്ട ജലാശയങ്ങളിൽ ഒന്നാണ്. ചുറ്റുമുള്ള മഴക്കാടുകളിൽ നിന്ന് ഉയർന്ന അളവിൽ അലിഞ്ഞുചേരുന്ന ജൈവവസ്തുക്കളിൽ നിന്നാണ് റുക്കിക്ക് നിറം ലഭിക്കുന്നതെന്നാണ് ഗവേഷകരുടെ പഠനഫലം പറയുന്നത്. കട്ടൻചായ പോലെയുള്ള വെള്ളമെന്നാണ് റുക്കിയുടെ ജലത്തെ വിശേഷിപ്പിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ, റുക്കി നദിയിലെ വെള്ളത്തിൽ കോംഗോ നദിയേക്കാൾ നാലിരട്ടി ഓർഗാനിക് കാർബൺ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. റുക്കിയിലെ ഓർഗാനിക് കാർബൺ സംയുക്തങ്ങൾ റിയോ നീഗ്രോയിലുള്ളതിനേക്കാൾ ഒന്നര മടങ്ങ് കൂടുതലാണെന്ന് ഗവേഷകർ പറയുന്നു.
കാർബൺ അടങ്ങിയ പദാർഥങ്ങൾ റുക്കി നദിയിൽ പ്രവേശിക്കുന്നത് പ്രാഥമികമായി മഴവെള്ളത്തിലൂടെയാണ്. കാട്ടിൽ മഴ പെയ്യുമ്പോൾ, മഴവെള്ളം ചത്ത സസ്യവസ്തുക്കളിൽ നിന്നുള്ള ജൈവ സംയുക്തങ്ങളെ ലയിപ്പിക്കുന്നു. ഇതു പുഴയിലേക്ക് ഒഴുകും.നദിയിലെ വെള്ളം വളരെ ഇരുണ്ടതിനാൽ ജലാശയത്തിൽ മുക്കിയാൽ കൈ പോലും കാണാൻ കഴിയില്ല. കോംഗോ നദിയുടെ ഈ പോഷകനദിയെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ വളരെക്കുറവാണ്. ഗവേഷകർ ഒരു വർഷത്തോളം റുക്കിയുടെ ജലനിരപ്പും ഒഴുക്കും പഠനത്തിന്റെ ഭാഗമായി അളന്നിരുന്നു.
STORY HIGHLLIGHTS : rio-negro-drought-record-low-water-level