കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാക്കേസിൽ പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യ ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പി.പി ദിവ്യ മുൻകൂർ ജാമ്യ ഹർജി നൽകിയത്. കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാനാണ് സാധ്യത.
അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. ഫയൽ നീക്കം വേഗത്തിലാക്കണമെന്നതാണ് താൻ ഉദ്ദേശിച്ചതെന്നും അവർ വിവരിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ അടക്കം സമർപ്പിച്ചുകൊണ്ടാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടി.
ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബവും കക്ഷി ചേരും. കുടുംബത്തിന്റെ വാദം കേട്ട ശേഷം പൊലീസ് റിപ്പോർട്ട് ആവശ്യപ്പെടാനാണ് സാധ്യത. വിധി വരും വരെ അറസ്റ്റ് തടയണമെന്ന് ദിവ്യയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടേക്കും. അതിനിടെ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനിൽ നിന്ന് അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കുമെന്നാണ് സൂചന. കലക്ടറുടെ രാജി ആവശ്യപ്പെട്ട് കളക്റ്ററേലേക്ക് ബിജെപി ഇന്ന് മാർച്ച് നടത്തും. പ്രശന്തന്റെ രാജി ആവശ്യപ്പെട്ട് പരിയാരം മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ്സ് പ്രവർത്തകരും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.