തിരുവനന്തപുരം: റവന്യു, റജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ വിവിധ സേവനങ്ങൾ ലഭ്യമാകുന്ന ‘എന്റെ ഭൂമി’ സംയോജിത പോർട്ടലിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കും. മന്ത്രി കെ.രാജൻ അധ്യക്ഷനാകും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും.
കാസർകോട് ജില്ലയിലെ ഉജ്ജാർ ഉൾവാർ വില്ലേജിൽ തുടക്കം കുറിക്കുന്ന പോർട്ടൽ 3 മാസത്തിനകം ഡിജിറ്റൽ സർവേ പൂർത്തിയായ 212 വില്ലേജുകളിലും ലഭിക്കും. ഭൂമിയുടെ കൈമാറ്റം, ഭൂമി റജിസ്റ്റർ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്കെച്ച്, ഭൂമിയുടെ സർട്ടിഫിക്കറ്റ്, ഭൂമി നികുതി അടവ്, ന്യായവില നിർണയം, ലൊക്കേഷൻ സ്കെച്ച്, ഭൂമിയുടെ തരംമാറ്റം തുടങ്ങിയ സേവനങ്ങളാണു പോർട്ടലിൽ ലഭിക്കുക.
















