കൊയിലാണ്ടിയിലെ എടിഎം കവർച്ചയിൽ പരാതിക്കാരനും സുഹൃത്തുക്കളും കസ്റ്റഡിയിൽ. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്ന സംഭവം വ്യാജമെന്ന് പൊലീസ്. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ, യാസിർ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിൽ എടുത്തത്. യാസിറിൽ നിന്ന് 37 ലക്ഷം രൂപ കണ്ടെടുത്തു. പരാതിക്കാരൻ്റെ സുഹൃത്ത് ആണ് യാസിർ. കവർച്ച സുഹൈലിൻ്റെ കൂടി അറിവോടെ നടത്തിയ നാടകമെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
പയ്യോളി സ്വദേശി സുഹൈൽ വൺ ഇന്ത്യ എടിഎമ്മിൽ പണം നിറയ്ക്കുന്ന ഫ്രാഞ്ചൈസിയുടെ ജീവനക്കാരനാണ്. ശനിയാഴ്ചയാണ് പരാതി ഉയരുന്നത്. അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്ന് എടിഎമ്മിലേക്ക് നിറയ്ക്കാൻ കൊണ്ടുപോകുന്ന പണം രണ്ടംഗ സംഘം കവർന്നു എന്നായിരുന്നു സുഹൈലിൻ്റെ പരാതി. വാഹനം ഓടിച്ചുവരവെ പർദ ധരിച്ചെത്തിയ രണ്ട് പേർ വാഹനം നിർത്തി വാഹനത്തിൽ കയറി തന്നെ ബന്ദിയാക്കി മുളകുപൊടിയെറിഞ്ഞു. ഇതിനുശേഷം ഇവർ തന്നെ വാഹനമോടിച്ച് കാട്ടിലെപീടികയിലെത്തിയപ്പോൾ വാഹനമടക്കം തന്നെ ഉപേക്ഷിച്ചു എന്നാണ് സുഹൈൽ പറഞ്ഞത്.
വാഹനത്തിലുണ്ടായിരുന്ന 25 ലക്ഷം രൂപ കവർന്നുവെന്നായിരുന്നു സുഹൈൽ ആദ്യം പറഞ്ഞത്. പിന്നീട് പൊലീസ് വിശദമായ മൊഴിയെടുക്കുന്നതിനിടെ 72 ലക്ഷം കവർന്നുവെന്ന് സുഹൈൽ മൊഴി നൽകി. തനിക്ക് ഒന്നും ഓർമയില്ലെന്നും ബോധം പോയിരുന്നുവെന്നും സുഹൈൽ പറഞ്ഞിരുന്നു. എന്നാൽ ബോധം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് വൈദ്യപരിശോധനയിൽ പൊലീസിന് വ്യക്തമായി. ശരീരമാകെ മുളകുപൊടി ഉണ്ടായിരുന്നുവെങ്കിലും കണ്ണിൻ്റെ ഭാഗത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് ശ്രദ്ധിച്ചിരുന്നു. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.