വളരെ വിരളമായി മാത്രം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന, ഇന്ന് ഇന്ത്യയിൽ വളരെയധികം താരമൂല്യമുള്ള താരമാണ് ഫഹദ് ഫാസിൽ. നടൻ എന്നതിലുപരി നിർമാതാവ് കൂടിയാണ് ഫഹദ് ഇപ്പോൾ. നായകനായും സഹനടനായും വില്ലനായുമെല്ലാം ഫഹദ് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. മലയാളത്തിൽ കേന്ദ്രകഥാപാത്രമായി ഫഹദ് അവസാനം ചെയ്ത സിനിമ ആവേശമാണ്. തമിഴിൽ ഫഹദ് ഭാഗമായി റിലീസ് ചെയ്ത ഏറ്റവും പുതിയ സിനിമ വേട്ടയ്യനാണ്.
ഒരാഴ്ച മുമ്പ് തിയേറ്ററുകളിലെത്തിയ മലയാള സിനിമ ബോഗെയ്ൻവില്ലയാണ് നടന്റെ ഏറ്റവും പുതിയ റിലീസ്. ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് താരം ചെയ്തത്. എന്നാൽ സിനിമയുടെ റിലീസിനുശേഷം ഫഹദിന്റെ പോലീസ് കഥാപാത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ഇപ്പോഴിതാ മുമ്പൊരു അഭിമുഖത്തിൽ ഫഹദ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മറക്കാനാവാത്ത ഒരു യാത്രയുടെ അനുഭവം പങ്കുവെക്കാമോയെന്ന അവതാരകയുടെ ചോദ്യത്തിന് പതിനേഴാം വയസിൽ നടത്തിയ അമേരിക്കൻ യാത്രയെ കുറിച്ചാണ് ഫഹദ് സംസാരിച്ചത്.
എനിക്ക് മറക്കാൻ പറ്റാത്ത യാത്ര ഒറ്റയ്ക്ക് പതിനേഴ് വയസിൽ അമേരിക്കയിൽ പോയതാണ്. അന്ന് കയ്യെത്തും ദൂരത്ത് കഴിഞ്ഞ സമയമായിരുന്നു. അതുകൊണ്ട് തന്നെ എങ്ങനെ എങ്കിലും അമേരിക്കയിൽ എത്തിയാൽ മതിയായിരുന്നുവെന്നായിരുന്നു മനസിൽ എന്നാണ് ഫഹദ് ചെറുചിരിയോടെ മറുപടിയായി പറഞ്ഞത്. നടന്റെ പഴയ അഭിമുഖത്തിലെ വാക്കുകൾ വൈറലായതോടെ അന്ന് അങ്ങനെ പോകേണ്ടിവന്നെങ്കിൽ എന്താ… തിരിച്ച് വരവ് ഒരു ഒന്നൊന്നര വരവായില്ലേയെന്നാണ് ആരാധകർ പഴയ അഭിമുഖത്തിന് കമന്റായി കുറിക്കുന്നത്.
മലയാള സിനിമയിലുള്ള യുവതാരങ്ങളിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിച്ച നടനാണ് ഫഹദ് ഫാസിൽ. ആവേശത്തിലെ രംഗണ്ണൻ, ജോജി, മഹേഷ് ഭാവന, തൊണ്ടി മുതലും ദൃക്സാക്ഷിയും സിനിമയിലെ പ്രസാദ്, പുഷ്പയിലെ ഭവൻവർ സിങ് ശകാവത് തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഐക്കോണിക്കായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഫഹദ് തെന്നിന്ത്യയിൽ തിരക്കുള്ള താരമാണിപ്പോൾ.
ഒരു കാലത്ത് തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ നടി നസ്രിയയുടെ ഭർത്താവ് എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന താരം ഇപ്പോൾ തമിഴർക്കും ഫഫയായി മാറി കഴിഞ്ഞു. നാൽപ്പത്തിരണ്ടുകാരനായ ഫഹദിന്റെ തുടക്കം പരാജയത്തിൽ നിന്നായിരുന്നു. ഫാസിലിന്റെ അഭിനയം അറിയാത്ത മകനെന്ന ടൈറ്റിൽ കഠിനാധ്വാനത്തിലൂടെയാണ് താരം മാറ്റിയെടുത്തത്. പതിനേഴാം വയസിലാണ് ഫഹദ് കയ്യെത്തും ദൂരത്ത് എന്ന സിനിമയിൽ നായകവേഷം ചെയ്തത്.
ഫാസിൽ തന്നെയായിരുന്നു സംവിധാനം. സച്ചിൻ മാധവനെ മനോഹരമായി ഫഹദ് കൈകാര്യം ചെയ്തുവെങ്കിലും പ്രേക്ഷകർക്ക് ബോധിച്ചില്ല. അതുകൊണ്ട് തന്നെ വലിയ വിമർശനമാണ് സിനിമയുടെ റിലീസിനുശേഷം ഫഹദിന് നേരെയുണ്ടായത്. 2002ലായിരുന്നു കയ്യെത്തും ദൂരത്ത് തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയുടെ ഗസ്റ്റ് റോൾ അടക്കം ഉണ്ടായിട്ടും സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ഫാസിൽ പിന്നെയും നിരവധി സിനിമകൾ സംവിധാനം ചെയ്തുവെങ്കിലും ഫഹദിനെ പിന്നീട് ആരും കണ്ടില്ല. ആറ് വർഷങ്ങൾക്കുശേഷം കേരള കഫേ തിയേറ്ററുകളിൽ എത്തിയപ്പോഴാണ് ഫഹദിനെ പിന്നീട് പ്രേക്ഷകർ കാണുന്നത്. അവിടെ നിന്ന് തുടങ്ങുന്നു അഭിനയിക്കാൻ അറിയില്ലെന്ന് പരിഹസിച്ചവരെ കൊണ്ട് തന്നെ തനിക്ക് വേണ്ടി ആർപ്പുവിളിപ്പിക്കാനുള്ള ഫഹദിന്റെ ശ്രമം. ശേഷം സ്ക്രീനിൽ നടനായ ഫഹദിനെയല്ല ഓരോ കഥപാത്രമായി ജീവിക്കുന്ന ഫഹദിനെയാണ് പ്രേക്ഷകർ കണ്ടത്.
content highlight: fahadh-fazil-once-open-up