‘അവര്‍ ചീത്ത വഴി സഞ്ചരിക്കുന്ന ആളുകളാണ്, അന്ന് എന്റെ തലയ്ക്കടിയേറ്റ പോലെ ആയിപ്പോയി’: ഭാഗ്യലക്ഷ്മി

രാവിലെ പോയതാണ് കേട്ടോ പാതിരാത്രി വരെ എന്താണോ ചെയ്യുന്നത്

മലയാള സിനിമയില്‍ ഒരുപാട് നടിമാര്‍ക്ക് ശബ്ദം നല്‍കിയ ഒരു മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെ ചില പ്രസ്താവനകള്‍ സമൂഹത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോള്‍ ഇതാ ഡബ്ബിംഗ് മേഖലയിലെ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം.

‘ആ സമയത്ത് അശോക് നഗറില്‍ ഒറ്റയ്ക്കാണ് ഞാന്‍ താമസിച്ചിരുന്നത്. പക്ഷേ ആ വീട്ടില്‍ കട്ടിലില്ല, കസേര ഇല്ല, ഒന്നുമില്ല. ഒരു പായയും ഒരു തലയണയും എന്റെ പെട്ടികളില്‍ കുറച്ചു തുണികളും മാത്രം ഉണ്ട്. ഞാന്‍ ഒരു മൂന്നുമാസത്തോളം അവിടെ താമസിച്ചു. ആ സമയത്ത് എനിക്ക് കുറച്ച് പൈസ ഉണ്ടാക്കണം എന്നായിരുന്നു. മാക്‌സിമം ഡബ്ബ് ചെയ്ത് കാശ് ഉണ്ടാക്കണം. ഈ കാശ് ഉണ്ടാക്കിയിട്ട് വേണം കല്ല്യാണത്തിനുള്ള സ്വര്‍ണം മേടിക്കാന്‍, ഇന്‍വിറ്റേഷന്‍ അടിക്കാന്‍, എല്ലാവരെയും ക്ഷണിക്കണം, എല്ലാവരെയും തിരുവനന്തപുരത്ത് കൊണ്ടുപോയി കല്യാണം നടത്തണം. ഇതൊക്കെയായിരുന്നു ഏറ്റവും വലിയ ലക്ഷ്യം.’

‘ഞാനൊരു ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു. ഒരു കിളി കൂടുകൂട്ടുന്നത് പോലെ കുറച്ചു കുറച്ചായി കൂടുകൂട്ടുകയാണ്. ഇരുന്നിരുന്നു ഒരു ദിവസം അവിടെ ഒരു ബന്ദ് വന്നു. എനിക്ക് തോന്നുന്നു ഭാരത് ബന്ദ് എന്തോ ആയിരുന്നു. അപ്പോള്‍ ബന്ധല്ലാത്ത ദിവസം രാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് ഡ്രസ്സ് ചെയ്ത് ഞാന്‍ നേരെ സ്റ്റുഡിയോയിലേക്ക് പോകും. സ്റ്റുഡിയോയില്‍ നിന്ന് ബ്രേക്ഫാസ്റ്റ് കഴിക്കും. ഡബ്ബ് ചെയ്യും, അവിടെനിന്ന് ലഞ്ച് കഴിച്ച് രാത്രിയില്‍ പ്രൊഡക്ഷനില്‍ നിന്ന് ആരെങ്കിലും എനിക്ക് ഫുഡ് പാക്ക് ചെയ്തു തരും, ഈ പാക്ക് ചെയ്ത ഫുഡ് കൊണ്ടുവന്ന് ഞാന്‍ ആ വീട്ടില്‍ ഇരുന്ന് കഴിക്കും. ശരിക്കും ആണുങ്ങളൊക്കെ ജീവിക്കുന്നത് പോലെ.. ഒരു ബാച്ചിലര്‍ ലൈഫ്. അവിടെ വന്നിരുന്നു ഭക്ഷണം കഴിച്ച് കിടന്നുറങ്ങുക. ഭാരത് ബന്ദ് വന്നപ്പോള്‍ എന്റെ തലക്കടിയേറ്റ പോലെ ആയിപ്പോയി ഞാന്‍ എവിടെ പോയി ഭക്ഷണം കഴിക്കും.’

‘അന്ന് പിന്നെ ഞാന്‍ പട്ടിണി കിടന്നേ പറ്റൂ. അന്ന് എന്റെ ഒപ്പം അമ്പിളി, ശ്രീജ എന്ന് പറയുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഉണ്ടായിരുന്നു. അവരൊക്കെ സൈക്കിള്‍ ചവിട്ടും. അവര് ഫുഡ് ഉണ്ടാക്കി സൈക്കിള്‍ ചവിട്ടി എനിക്ക് കൊണ്ടുത്തന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. ഒരു പുരുഷന്റെ ജീവിതമായിരുന്നു ആ നഗരത്തില്‍ എനിക്ക്. ആ നഗരമായതുകൊണ്ടായിരിക്കാം. ഒരു സ്ത്രീക്ക് ഒരു പുരുഷന്‍ ജീവിക്കുന്ന പോലെ തന്നെ ജീവിക്കാന്‍ പറ്റും എന്നുള്ള ആത്മധൈര്യം തന്നത് ആ നഗരമായിരുന്നു. ആ നഗരത്തില്‍ നിന്ന് പിന്നീട് ഞാന്‍ കല്ല്യാണത്തിന് എല്ലാ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെയും തിരുവനന്തപുരത്ത് കൊണ്ടുവരുന്നു. അവിടെ വെച്ച് കല്യാണം കഴിഞ്ഞു. തിരുവനന്തപുരത്ത് താമസമായപ്പോഴാണ് ഒരു സ്ത്രീ എത്രമാത്രം സമൂഹത്തെ ബോധ്യപ്പെടുത്തി ജീവിക്കണം എന്നുള്ള സത്യം ഞാന്‍ തിരിച്ചറിയുന്നത്. കാരണം കേരളത്തെ സംബന്ധിച്ച് ഈ 85 ല്‍ ഞാന്‍ കല്യാണം കഴിഞ്ഞ് വരുമ്പോള്‍ സിനിമ എന്ന് പറയുന്നത് ഒരു അത്ര നല്ല മേഖല ഒന്നുമല്ല. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ഒരു സുഖമില്ലാത്ത ആള്‍ക്കാരാണ്. അവര്‍ കുറച്ച് ചീത്ത വഴിയൊക്കെ സഞ്ചരിക്കുന്ന ആളുകളാണ്.’

‘പ്രത്യേകിച്ച് ഞങ്ങള്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ എന്നൊക്കെ പറയുമ്പോള്‍ കാണാനും പറ്റുന്നില്ല ഈ സാധനത്തിനെ. പറയുന്നത് സിനിമയിലാണെന്നാണ്, ഇവര്‍ ജോലി ചെയ്യുന്നത് സിനിമയിലാണ്. പക്ഷേ ഇവരെ സിനിമയില്‍ കാണാനില്ല. ടൈറ്റില്‍ ഇവരുടെ പേരും ഇല്ല. അപ്പോള്‍ പിന്നെ ഇവര് എന്താണ് ഈ സിനിമയില്‍. ഈ ശബ്ദം എന്റേതാണ് എന്നതിന് എന്താണ് തെളിവ്, ഒരു തെളിവുമില്ല. അപ്പോള്‍ ഇത് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് എന്റെ ഒരു ആവശ്യമായി മാറി. ഞാന്‍ കല്ല്യാണം കഴിഞ്ഞു വന്ന വീട്ടില്‍ സിനിമയുടെ എബിസിഡി പോലും അറിഞ്ഞുകൂടാത്ത ഒരു കുടുംബം. അവരെ ബോധ്യപ്പെടുത്തുക എന്നുള്ളത് എന്റെ ദൗത്യമായി മാറി. അതിലും ഏറ്റവും വലിയ ഒരു ദൗത്യം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നുള്ളത്. കാര്യം രാവിലെ 9 മണിക്ക് ഡബ്ബിങ്ങിന് പോയാല്‍ തിരിച്ചു വരുന്നത് ഒരുപക്ഷേ രാത്രി 10 മണിക്ക് ആയിരിക്കാം.’

‘ചിലപ്പോള്‍ ആ ഫുള്‍ ഡബ്ബിങ് ഇങ്ങനെ നീണ്ടു പോവുകയാണെങ്കില്‍ 12 ഒരു മണിക്ക് ആയിരിക്കും നമ്മള്‍ വീട്ടിലെത്തുക. രാവിലെ പോയതാണ് കേട്ടോ പാതിരാത്രി വരെ എന്താണോ ചെയ്യുന്നത് എന്നുള്ള വിമര്‍ശനം എന്നെ വല്ലാതെ വേദനിപ്പിക്കാന്‍ തുടങ്ങി. എനിക്ക് പ്രൊഡക്ഷന്‍ കാര്‍ തരും, എന്നെ കാറില്‍ വന്നു കൂട്ടിക്കൊണ്ടുപോകും, കാറില്‍ തിരിച്ച് ഇറക്കി തരും. പക്ഷേ ചെറിയ ശബ്ദം ഒക്കെ ചെയ്യുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്.. അവരൊക്കെ ബസ്സ് കയറിയും ഓട്ടോ പിടിച്ചും ഒക്കെയാണ് സ്റ്റുഡിയോയില്‍ വരുന്നത്. അവര്‍ കേരളത്തില്‍ അനുഭവിച്ച ഒരുപാട് ദുരിതങ്ങള്‍ ഉണ്ടായിരുന്നു.’ ഭാഗ്യലക്ഷ്മി പറഞ്ഞു.