ഗസ്സയിലെയും ലബനാനിലെയും വെടിനിർത്തൽ അടക്കം പശ്ചിമേഷ്യയിലെ വിഷയങ്ങൾ യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തി യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ്. ഫോൺ വഴിയായിരുന്നു യൂറോപ്യൻ യൂണിയൻ മേധാവിയുമായുള്ള ശൈഖ് മുഹമ്മദിന്റെ ചർച്ച. ഇസ്രായേൽ ആക്രമണം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിലായിരുന്നു ശൈഖ് മുഹമ്മദും യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്നും തമ്മിലുള്ള ചർച്ച. സംഘർഷം ഒഴിവാക്കാൻ യുഎഇ നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളുടെ കൂടി ഭാഗമായിരുന്നു യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച.
ഗസ്സയിലും ലബനാനിലും അടിയന്തര വെടിനിർത്തൽ ആവശ്യമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിൽ യൂറോപ്യൻ യൂണിയൻ നടത്തുന്ന മാനുഷിക ഇടപെടലുകളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. സംഭാഷണത്തിനിടെ യുഎഇയുമായുള്ള ഉഭയകക്ഷി ബന്ധം ഊർജിതമാക്കാനുള്ള ആഗ്രഹവും ഉർസുല പങ്കുവച്ചു.
വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഗൾഫ്-യൂറോപ്യൻ സഹകരണം ശൈഖ് മുഹമ്മദ് ഉറപ്പു നൽകി. ബുധനാഴ്ച ബ്രസൽസിൽ നടന്ന ജിസിസി-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യമാണെന്ന പൊതു അഭിപ്രായം ഉയർന്നിരുന്നു.