സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനഹർജിയിൽ ഇന്ന് തീരുമാനമായില്ല. തിങ്കളാഴ്ച രാവിലെ കേസ് പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. എന്നാൽ, ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി വധശിക്ഷ റദ്ദാക്കിയ കോടതി തന്നെയാണു വിധിപറയേണ്ടതെന്ന് അറിയിക്കുകയായിരുന്നു.
വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു ഇന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു. ഇന്നത്തെ സിറ്റിങ്ങിൽ മോചനം സംബന്ധിച്ച ഉത്തരവുണ്ടാകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. നാളെ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യത്തിൽ വിവരങ്ങൾ കൈമാറും.