ഉറക്കതടസ്സമുണ്ടാകുന്നതിന് ഒരു പ്രധാന കാരണം കൂർക്കംവലിയാണ് (Snoring). കൂർക്കംവലി ഒരു നിദ്രാവൈകല്യമാണ്. കൂർക്കംവലിക്കുന്നവർക്ക് മാത്രമല്ല തൊട്ടടുത്ത് കിടക്കുന്നവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണിത്.
എന്താണ് കൂർക്കംവലി?
ഉറക്കത്തിൽ ശ്വാസോഛാസം ചെയ്യുമ്പോൾ വായുവിന് തടസമുണ്ടാകുന്ന അവസ്ഥയാണ് കൂർക്കംവലി. കൂർക്കംവലി ഉള്ളവർക്ക് ഉറക്കത്തിൽ ഉയർന്ന ശബ്ദത്തോടെ ശ്വാസനിശ്വാസം ചെയ്യേണ്ടി വരുന്നു. തൊണ്ടയിലുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരേ ശ്വാസകോശത്തിലേക്കു പ്രവേശിക്കുവാൻ സാധിക്കാതെ വരുമ്പോളാണ് ഈ അവസ്ഥയുണ്ടാകുന്നത്.
നിങ്ങളുടെ മൂക്ക് അടഞ്ഞിരിക്കുന്നതു കൊണ്ടോ, മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നതോ, അമിതവണ്ണമോ, അലർജി, ജലദോഷം എന്നിവ മൂലമോ സൈനസൈറ്റിസ് കാരണമോ തെറ്റായ സ്ലീപ്പിങ് പൊസിഷന്‍ കൊണ്ടോയൊക്കെ കൂർക്കംവലിക്കാം.
കൂര്‍ക്കം വലിക്കുന്നവര്‍ക്ക് കൃത്യമായ ഉറക്കം ലഭിക്കുകയില്ല. ഇത്തരക്കാർക്ക് രാവിലെ എഴുന്നേറ്റാലും ഉറക്ക ക്ഷീണം ഉണ്ടാകും. ഇത് പകലുറക്കത്തിനും പെട്ടെന്ന് ദേഷ്യം വരുന്നതിനും രക്തസമ്മര്‍ദ്ദം കൂടുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും സാധ്യത കൂട്ടുന്നു.
പലപ്പോഴും കൂർക്കംവലി ഒരു പ്രശ്നക്കാരനാകാറില്ലെങ്കിലും ചിലപ്പോൾ ഇത് ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണവുമാകാം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂർക്കംവലി ഒരു പരിധി വരെ തടയാനാകും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
കൂർക്കംവലി തടയാൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്. ശരീരഭാരം കൂടുതലാണെങ്കിൽ ആദ്യം ഭാരം കുറയ്ക്കാൻ ശ്രദ്ധിക്കണം. ഭാരം കൂടുന്നതിനനുസരിച്ച് തൊണ്ടയിലെ ടിഷ്യൂസിന്റെ അളവ് കൂടുന്നു. ഇത് വായുസഞ്ചാരം കുറയ്ക്കുകയും കൂര്‍ക്കംവലിയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍, ഭാരം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്.