ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നടന്‍ സിദ്ദിഖ്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായിയെന്നും പൊലീസ് ആവശ്യപ്പെട്ടതിൽ തൻ്റെ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കി. കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് നടപടി.
പഴയ ഫോണുകൾ തന്‍റെ കൈയിൽ ഇല്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടർന്നുവെന്നും ഇത് സംബന്ധിച്ച് താൻ പരാതി നൽകിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ പരാതിയിൽ പൊലീസ് നൽകിയ രേഖാമൂലമുള്ള മറുപടിയും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണവുമായി സഹകരിക്കുമ്പോഴും പൊലീസിന്റെ ചില ചോദ്യങ്ങളില്‍ കൃത്യമായി മറുപടി പറഞ്ഞില്ലെന്നും ഒപ്പം തന്നെ ആവശ്യപ്പെട്ട തെളിവുകള്‍ ഹാജരാക്കിയില്ലെന്നും തരത്തിലുള്ള ആരോപണങ്ങള്‍ സിദ്ദിഖിനെതിരെയുണ്ടായിരുന്നു. ഈ ഘട്ടത്തില്‍കൂടിയാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
ചോദ്യം ചെയ്യലില്‍ പലതും മറന്ന് പോയെന്ന ഉത്തരമാണ് സിദ്ദിഖ് നല്‍കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങള്‍ കൈമാറാന്‍ തയ്യാറായില്ലെന്നും സര്‍ക്കാര്‍ സുപീംകോടതിയെ അറിയിച്ചു.
അതേസമയം, സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പലതും മറന്ന് പോയെന്ന ഉത്തരമാണ് പ്രതി നൽകുന്നത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കൈമാറാൻ തയ്യാറായില്ലെന്നും ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുൻപ് കള്ളത്തരം പുറത്ത് കൊണ്ടുവരണമെന്നും സർക്കാർ സുപീംകോടതിയെ അറിയിച്ചു.