തിരുവനന്തപുരം: പി.വി. അൻവർ ഒരു വെല്ലുവിളിയല്ലെന്നും ഇടതുപക്ഷം വിട്ടതോടെ അദ്ദേഹം അജണ്ടയിലേ ഇല്ലെന്നും എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ. അന്‍വർ തന്നെ സി.പി.എമ്മിന് വെല്ലുവിളിയല്ലെന്നും പിന്നെയല്ലേ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥികളെന്നും രാമകൃഷ്ണൻ പറഞ്ഞു. മുൻ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് ഷാഫിക്ക് വോട്ടുചെയ്യുക എന്ന നിലപാട് സി.പി.എം. സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന കൂട്ടുകെട്ടിനെ തകര്‍ക്കുക എന്നാണ് ഇടതുപക്ഷത്തിന്റെ മുഖ്യലക്ഷ്യം. അതില്‍ യു.ഡി.എഫിനെയും ബി.ജെപി.യേയും പരാജയപ്പെടുത്തുക എന്നാണ് നിലപാട്. പാലക്കാട്ടെ രാഷ്ട്രീയ അന്തരീക്ഷം പഴയതുപോലെയല്ല. മത്സരം ഇടതുപക്ഷവും യു.ഡി.എഫും മാത്രമായി മാറിക്കഴിഞ്ഞു.
ഞങ്ങളുടെ രാഷ്ട്രീയത്തെ അംഗീകരിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ നിന്നുള്ള പലരും ഇടതുപക്ഷത്തേക്ക് വരുന്നു. അതിലൊരാളാണ് സരിനും. പാലക്കാട്ട് സീറ്റ് ബി.ജെ.പിക്ക് പതിച്ചുനല്‍കാനുളള കോണ്‍ഗ്രസിന്റെ ഡീലിനെയാണ് അദ്ദേഹവും വിമര്‍ശിക്കുന്നത്. അന്‍വർ ഇടതുപക്ഷം വിട്ടപ്പോൾ ഇടതുപക്ഷവും അദ്ദേഹത്തെ വിട്ടുവെന്ന് ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സര്‍ക്കാറിന്‍റെ വിലയിരുത്തലാകുമോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. സാധാരണ ഈ തെരഞ്ഞെടുപ്പുകള്‍ സര്‍ക്കാറിനെ ബാധിക്കുന്നതല്ല. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് ഷാഫി പറമ്പിലിന് വോട്ട് ചെയ്യാമെന്ന നിലപാട് സി.പി.എം സ്വീകരിച്ചിട്ടില്ല. ഷാഫിയുടെ വിജയത്തിന് സഹായിക്കുന്ന തരത്തിലുള്ള ഒരു നിലപാടും എൽ.ഡി.എഫ് സ്വീകരിച്ചിട്ടില്ല. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി സര്‍ക്കാര്‍ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പിനെ ഈ വിഷയം ബാധിക്കില്ലെന്നും ടി.പി. രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.