വിചിത്രമായ അനേകം ജീവിവർഗങ്ങളുള്ള ഭൂഖണ്ഡമാണ് ഓസ്ട്രേലിയ. കംഗാരുക്കൾ ഉൾപ്പെടെ വിവിധതരം സഞ്ചിമൃഗങ്ങളും പ്ലാറ്റിപ്പസ് തുടങ്ങിയ മറ്റെങ്ങും കാണാത്ത അനേകം ജീവിവർഗങ്ങളും ഉരഗങ്ങളും പ്രാണികളുമൊക്കെ ഓസ്ട്രേലിയയുടെ ജൈവവൈവിധ്യം സമ്പന്നമാക്കുന്നു. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരു ചിലന്തിവർഗമാണ് മയിൽച്ചിലന്തി അഥവാ പീകോക്ക് സ്പൈഡർ.
പീക്കോക്ക് സ്പൈഡർ വിഭാഗം വിപുലമായ ഒരു വർഗമാണ്. 113 സ്പീഷിസുകളിലുള്ള ചിലന്തികൾ ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ ചിലന്തിയിനമായ മാരാറ്റസ് യാൻഷെപ്പിനെ പെർത്ത് നഗരത്തിനു വടക്കായി 2 വർഷം മുൻപ് കണ്ടെത്തിയിരുന്നു. എന്നാൽ ഈ ചിലന്തികൾ ഗുരുതരമായ വംശനാശഭീഷണിയാണ് ഇപ്പോൾ നേരിടുന്നത്. ഓസ്ട്രേലിയയിൽ ഇടയ്ക്കിടെ സംഭവിക്കുന്ന ബുഷ്ഫയർ കാട്ടുതീയും നഗരവികസനത്തിനായുള്ള സ്ഥലമേറ്റെടുക്കലുമെല്ലാം പീകോക്ക് സ്പൈഡറുകളുടെ നില പരുങ്ങലിലാക്കുന്നു.
ചെറിയ ചിലന്തികളാണ് മയിൽച്ചിലന്തികൾ. 4 മുതൽ 5 വരെ മില്ലിമീറ്ററാണ് ഇവയുടെ വലുപ്പം. ചെറിയ വലുപ്പവും പ്രത്യേക ശീലങ്ങളും ഇവയെപ്പറ്റിയുള്ള പഠനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. 113 സ്പീഷീസുകളിൽ ഓരോന്നിനും വ്യത്യസ്തമായ ശരീരകലകളും ഘടനകളുമുണ്ട്. എന്നാൽ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയ ഇവയെ ഉൾപ്പെടുത്താത്തതിനാൽ പ്രത്യേക സംരക്ഷണമൊന്നും ഇവയ്ക്കു ലഭിക്കുന്നില്ല. ഇവയെ സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
STORY HIGHLLIGHTS : peacock-spiders-australia-endangered