ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗന്ദർബാൽ ഭീകരാക്രമണത്തിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടുണ്ടായ ആക്രമണത്തിൽ ഗഗാംഗീറിൽ തുരങ്ക നിർമാണത്തിന് എത്തിയ ആറ് ഇതര സംസ്ഥാന തൊഴിലാളികളും ഒരു ഡോക്ടറുമാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏഴു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.
പരുക്കേറ്റ 5 പേരെ സ്കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. രണ്ട് ഭീകരവാദികളാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭീകർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ പാക് ഭീകരർ എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
ഭീകരസംഘടന ലഷ്കർ ഇ ത്വയ്ബയുടെ ഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. എൻഐഎയുടെ നാലംഗ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ഭീകരർക്ക് തിരിച്ചടി നൽകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.