Alappuzha

ആലപ്പുഴയില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

ആലപ്പുഴ: ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. അമ്പലപ്പുഴയില്‍ കെഎസ്‌യു നേതാക്കളെ എസ്എഫ്‌ഐ ഗുണ്ടകള്‍ അക്രമിച്ചെന്നാരോപിച്ചാണ് ബന്ദ്.

അമ്പലപ്പുഴ ഗവ കോളേജിലെ കെഎസ്യു വിജയാഘോഷത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 4 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ് ചികിത്സയിലായിലായിരുന്നവരെ ആശുപത്രിയിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചുവെന്ന് കെ.എസ്.യു ആരോപിക്കുന്നു.

കോളജിൽ കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയായിരുന്നു ആദ്യം തർക്കം. പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി എത്തിയതോടെ സംഘർഷമായി.

കെഎസ് യു ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ആര്യ കൃഷ്ണനെയും തന്‍സില്‍ നൗഷാദിനെയും ജില്ലാ സെക്രട്ടറി അര്‍ജുന്‍ ഗോപകുമാറിനെയും അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ആദിത്യന്‍ സനുവിനെയും എസ്എഫ്‌ഐ അക്രമിച്ചെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ജില്ലയില്‍ പലയിടത്തും എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ സംഘം അക്രമം അഴിച്ചുവിടുകയാണെന്നും കെഎസ്‌യു ആരോപിച്ചു. എന്നാൽ എസ്എഫ്ഐ ആരോപണം നിഷേധിച്ചു.