India

‘തെറ്റുപറ്റിയതാണ്, ക്ഷമിക്കണം’; സൽമാനെതിരേ ഭീഷണി മുഴക്കിയതിൽ മാപ്പപേക്ഷിച്ച് സന്ദേശം

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഭീഷണി മുഴക്കിയതില്‍ മാപ്പപേക്ഷിച്ച് പുതിയ സന്ദേശം. മുംബൈ ട്രാഫിക് പൊലീസിനാണ് പുതിയ സന്ദേശം ലഭിച്ചിരിക്കുന്നത്. തെറ്റ് പറ്റിയതാണെന്നാണ് പുതിയ സന്ദേശത്തില്‍ പറയുന്നത്. വാട്‌സാപ് വഴിയാണ് സന്ദേശം ലഭിച്ചതെന്ന് മുംബൈ ട്രാഫിക് പൊലീസ് അറിയിച്ചു. സന്ദേശത്തിന്റെ ഉറവിടം ജാര്‍ഖണ്ഡാണെന്നും മുംബൈ ട്രാഫിക് പൊലീസ് വ്യക്തമാക്കി.

മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ മുരണത്തിന് പിന്നാലെ ഒക്ടോബര്‍ 18-നാണ് സല്‍മാന്‍ ഖാന് വധഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള ആദ്യസന്ദേശം മുംബൈ ട്രാഫിക് പോലീസിന് ലഭിച്ചത്. ലോറന്‍സ് ബിഷ്‌ണോയി സംഘവുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ അതേ വിധി സല്‍മാനും ഖാനും ഉണ്ടാവുമെന്നായിരുന്നു ഭീഷണി സന്ദേശം. ഈ സന്ദേശത്തെ നിസ്സാരമായി കാണരുത്, ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘവുമായുള്ള ശത്രുത അവസാനിപ്പിക്കണമെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും അഞ്ച് കോടി രൂപ നല്‍കണം. പണം തന്നില്ലെങ്കില്‍ ബാബ സിദ്ദിഖിയുടേതിനേക്കാള്‍ ദാരുണമാവും സല്‍മാന്റെ വിധി- എന്നായിരുന്നു ഭീഷണി സന്ദേശം.

സല്‍മാന്റെ അടുത്ത സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ബാബ സിദ്ദിഖി. ഒക്ടോബര്‍ 12നാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. സിദ്ദിഖി വധത്തിന് പിന്നാലെ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിനും മുംബൈ പനവേലിലെ ഫാം ഹൗസിനും സുരക്ഷയൊരുക്കിയിരുന്നു. ഒക്ടോബര്‍ 18ന് ഭീഷണി വന്നതിന് പിന്നാലെ സുരക്ഷ ശക്തമാക്കിയിരുന്നു.