തൃശൂർ: നടൻ മുകേഷ് എംഎൽഎയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അതീവ രഹസ്യമായി അറസ്റ്റ് നടപടി അതിവേഗത്തിൽ പൂർത്തിയാക്കി. നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ സ്ഥലത്തെത്തിയാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. വിവരം പുറത്തുപോകാതിരിക്കാൻ പൊലീസുകാർക്ക് എസ്പി നിർദേശം നൽകിയതായും സൂചനയുണ്ട്.
മുകേഷ് എംഎൽഎയെ നേരത്തേ ചോദ്യം ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ ഉയർന്നു വന്ന ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. ആലുവ സ്വദേശിയായ നടിയാണ് മുകേഷിനെതിരെ പരാതി നൽകിയത്. മരടിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. കേസിൽ എറണാകുളം സെഷൻസ് കോടതി മുകേഷിന് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.