അമ്പലപ്പുഴ: കിസാൻ കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടിയുടെ സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ നടക്കും. നാളെ കുടുംബാംഗങ്ങൾ ചിതാഭസ്മം ശേഖരിച്ചു കൊല്ലം തേവലക്കര മർത്തമറിയം ഓർത്തഡോക്സ് പള്ളിയിലെ കുടുംബക്കല്ലറയിൽ അടക്കം ചെയ്യും.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി ഒൻപതിനായിരുന്നു മരണം. മോർച്ചറിയിലുള്ള മൃതദേഹം ഇന്നു രാവിലെ മകൻ അമ്പു വൈദ്യൻ ഏറ്റുവാങ്ങും. തുടർന്ന് ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ എത്തിക്കും. അന്തിമോപചാരത്തിനു ശേഷം വിലാപയാത്രയായി 9ന് തോട്ടപ്പള്ളി കൽപകവാടി വീട്ടിൽ കൊണ്ടുവരും. വൈകിട്ടു വരെ പൊതുദർശനം. ശുശ്രൂഷകൾക്കു ശേഷം മൃതദേഹം വലിയ ചുടുകാട്ടിലേക്കു കൊണ്ടു പോകും. സംസ്കാരത്തിനു ശേഷം വലിയ ചുടുകാടിനു സമീപം ഡിസിസിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേരും.
















